house

മാന്നാർ: ഏത് നിമിഷവും തകർന്നുവീഴാവുന്ന വീടിനുള്ളിൽ ഭയന്ന് ഒരമ്മയും മകനും. പാവുക്കര രണ്ടാം വാർഡിലെ ഹൃദ്രോഗിയായ പാലപ്പറമ്പിൽ രാജമ്മ (79) യും നട്ടെല്ലിന് ക്ഷതം സംഭവിച്ച മകൻ പ്രദീപുമായി വാസയോഗ്യമല്ലാത്ത വീടിനുള്ളിൽ നി​രാശ്രയരായി​ കഴിയുന്നത്.
പ്രളയത്തിന് മുമ്പ് പരിസരത്ത് നിന്ന മരം വീണ് ഇവരുടെ വീട് തകർന്നിരുന്നു. പിന്നീടെത്തിയ പ്രളയത്തിൽ വീടാകെ തകർന്നു. ഭിത്തികൾ വിണ്ടുകീറി ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്.

വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയതിനാൽ ഇപ്പോൾ മേൽക്കൂരയിൽ ടാർപ്പായ കെട്ടിയാണ് കഴിയുന്നത്. രോഗികളായ അമ്മയുടെയും മകന്റെയും ജീവിതം ദുരിതപൂർണമാണ്. കഴിഞ്ഞ 39 വർഷമായി കണ്ടങ്കേരി പാടത്തിന്റെ നടുവിലുള്ള ആറ് സെന്റ് വസ്തുവിലാണ് ഇവരുടെ താമസം ഏതാണ്ട് 18 വർഷങ്ങൾക്ക് മുമ്പ് ബ്ലോക്കിൽ പഞ്ചായത്തിൽ നിന്നും ഭവന നിർമാണത്തിന് ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് വീട് നിർമിച്ചത്.

വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായത്തിന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്ന് രാജമ്മ പറയുന്നു.

പുതിയ വീട് നിർമിക്കാനുള്ള ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.