# സി.സി ടിവി കാമറയുള്ളത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മാത്രം

ആലപ്പുഴ: ജില്ലാ കേന്ദ്രത്തിലുള്ള ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ആളു കൂടുന്ന മറ്റു പലേടങ്ങളിലും സി.സി ടിവി കാമറകൾ ഇല്ലാത്തത് പൊലീസിന് തലവേദനയാവുന്നു. പൊതു സ്ഥലങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെപ്പറ്റി സൂചന ലഭിക്കുന്നത് പലപ്പോഴും സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലുള്ള കാമറകളിലൂടെയാണ്.

ജില്ലയിൽ നിലവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് കാമറ സൗകര്യമുള്ളത്. പ്രധാന സ്റ്റേഷനായ ആലപ്പുഴയിൽ കാമറയില്ലാത്തത് റെയിൽവേ പൊലീസിന് തലവേദനയാവുന്നുണ്ട്.

തിരുവനന്തപുരം ഡിവിഷന്റെ കീഴിലാണ് ആലപ്പുഴ. കാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉർന്നിട്ടും റെയിൽവേ അധികൃതർ കേട്ടില്ലെന്ന മട്ടിലാണ്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 80 കാമറകളുണ്ട്. എന്നാൽ ഇവ പൂർണമായും പ്രവർത്തന സജ്ജമല്ല. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ചെറിയ കാമറകൾ റെയിൽവേ പൊലീസിന്റെ കൈയിലുണ്ട്. സുരക്ഷാ ഭീഷണിയുള്ള മേഖലയിൽ ഇത് ഉപകരിക്കും. ട്രെയിൻ മാർഗം ദിനംപ്രതി കഞ്ചാവ് കടത്ത് നടക്കുന്ന സ്റ്റേഷനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. റെയിൽവേ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൻ കഞ്ചാവ് കെട്ടുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ പതിവ്. കഞ്ചാവ് കിട്ടിയാലും സംഘാംഗങ്ങളെപ്പറ്റി യാതൊരു സൂചനയും പൊലീസിനു ലഭിക്കാറില്ല. സി.സി ടിവി കാമറകൾ ഉണ്ടെങ്കിൽ ഈ പോരായ്മയ്ക്ക് പരിഹാരം കാണാനാവുമായിരുന്നു.

ആലപ്പുഴ ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡുകളിലും സി.സി ടിവി കാമറകൾ സ്ഥാപിക്കണമെന്ന് പൊലീസും മറ്റു സംഘടനകളും ആവശ്യപ്പെടുന്നു. തൃക്കുന്നപ്പുഴയിൽ കഞ്ചാവ് വില്പനയ്ക്കിടെ രണ്ടു യുവാക്കൾ പിടിയിലായത് സമീപത്തെ ക്ഷേത്രത്തിലെ സി.സി ടിവി കാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിലൂടെയാണ്. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റഷനുകളിലും മറ്റുമെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും കാമറകളുടെ അഭാവം ഭീഷണിയുണ്ടാക്കുന്നു.

...............................................

# കാമറയുള്ള റെയിൽവേ സ്റ്റേഷനുകൾ

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം, തൃശൂർ, കോഴിക്കോട്

...........................................

# നിർഭയയിൽ ആലപ്പുഴയില്ല

വനിതാ യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി നിർഭയ ഫണ്ടിൽ നിന്ന്, കേരളത്തിലെ 200 റെയിൽവേ സ്റ്റേഷനുകളിൽ കാമറ സ്ഥാപിക്കാനായി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇൗ പട്ടികയിൽ ആലപ്പുഴയിലെ ഒരു റെയിൽവേ സ്റ്റേഷനും ഉൾപ്പെട്ടിട്ടില്ല. നിർഭയ ഫണ്ട് വഴി ഇന്ത്യയിലെ 983 റെയിൽവേ സ്റ്റേഷനുകളിലാണ് സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നത്.

................................................

'ജില്ലയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് കാമറകൾ ഉള്ളത്. ഡിവിഷനിൽ നിന്നാണ് കാമറയ്ക്ക് ഫണ്ട് അനുവദിക്കേണ്ട്'

(റെയിൽവേ അധികൃതർ)

...................................................

'റെയിൽവേസ്റ്റേഷൻ പരിസരങ്ങളിൽ കാമറ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. പല കേസിലും പ്രധാന തുമ്പായി മാറുന്നത് സി.സി ടിവി ദൃശ്യങ്ങളാണ്'

(റെയിൽവേ പൊലീസ്)