photo

വലിയപറമ്പ്: ജീവിതമാർഗം കാട്ടിത്തന്ന അംഗൻവാടിക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നേടിക്കൊടുക്കാൻ കഴിഞ്ഞതിൻറെ ചാരിതാർത്ഥ്യത്തോടെ, 36 വർഷം നീണ്ട സേവനത്തിനു ശേഷം ടി. വിജയമ്മ പടിയിറങ്ങി.

തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് 131-ാം നമ്പർ അംഗൻവാടിയിലെ വർക്കറായിരുന്നു വിജയമ്മ. തൃക്കുന്നപ്പുഴ അഞ്ചാം വാർഡ് കൃഷ്ണാലയത്തിൽ, റിട്ട. താലൂക്ക് സപ്ളെ ഓഫീസർ ആനന്ദവല്ലിയാണ് പുതിയ അംഗൻവാടി കെട്ടിടത്തിനായി മൂന്നു സെന്റ് സൗജന്യമായി നൽകിയത്. വാടകക്കെട്ടിടത്തിലാണ് നിലവിലെ പ്രവർത്തനം.

ഇന്നലെ ക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്ര അയപ്പിൽ വിജയമ്മയ്ക്ക് ആനന്ദവല്ലി ഉപഹാരം നൽകി. ക്ഷേമ കമ്മിറ്റി അംഗം ശാന്തപ്പൻ ശബരിയിൽ, ജെ.പി.എച്ച്.ഐ ജി.ഉഷ, സാമൂഹ്യ നീതി വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കെ.രത്നാകരൻ വലിയപറമ്പ് എന്നിവർ സംസാരിച്ചു. ആശാവർക്കറും എസ്.എൻ.ഡി.പി യോഗം 4540-ാം നമ്പർ വലിയപറമ്പ് ശാഖ സെക്രട്ടറിയുമായ ആർ.ഷീബ സ്വാഗതവും ഹെൽപ്പർ ഇന്ദിര നന്ദിയും പറഞ്ഞു.