ബാഗ്പതിൽ നിന്നും ഖിവായിലേക്കാണ് യാത്ര. വഴിനിറയെ കരിമ്പുമായി കാളവണ്ടികൾ. ട്രാക്ടറുകൾ. കരിമ്പാണ് പശ്ചിമ യു.പിയുടെ നട്ടെല്ല്. പഞ്ചസാര മില്ലുകളുടെയും കേന്ദ്രം. പ്രധാന രാഷ്ട്രീയ വിഷയവും അതുതന്നെ. സെപ്തംബർ മുതലുള്ള പണം സർക്കാർ കൈമാറിയിട്ടില്ല. ആ പ്രതിഷേധം കർഷകർക്കിടയിൽ കാണാം. ഖിവായിലും സ്ഥിതി അതുതന്നെ. മീററ്റ് ജില്ലയുടെ ഭാഗമാണെങ്കിലും ബാഗ്പത് ലോക്സഭാ മണ്ഡലത്തിലാണ് ഖിവായ്. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി മത്സരിക്കുന്നു. മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ കൊച്ചുമകൻ. ആർ.എൽ.ഡി അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗിന്റെ മകൻ. 2009ൽ മഥുരയിൽ നിന്ന് ലോക്സഭയിലെത്തിയെങ്കിലും 2014ൽ ഹേമമാലിനിയോട് പരാജയപ്പെട്ടു. ഖിവായിലെ കൊയ്ത്ത് കഴിഞ്ഞ കരിമ്പുപാടത്തെ യോഗസ്ഥലത്ത് ജയന്ത് ചൗധരിക്കായുള്ള കാത്തിരിപ്പിനിടെ കർഷകനായ മൗലാന സലിം മുഹമ്മദിനെ പരിചയപ്പെട്ടു.
'' കഴിഞ്ഞ സീസണിലെ പണം സർക്കാർ കൈമാറിയത് ഫെബ്രുവരിയിലാണ്. സെപ്തംബറിലാണ് സീസൺ തുടങ്ങിയത്. മാർച്ച് ആയിട്ടും പണം ലഭിച്ചിട്ടില്ല. എങ്ങനെ മുന്നോട്ടുപോകും? "" സലിം ചോദിച്ചു. ഒപ്പം കൂടിയവർക്കും സമാന കഥകളാണ് പറയാനുള്ളത്. പശ്ചിമ യു.പിയിൽ നോട്ടുനിരോധനത്തെക്കാളും പുൽവാമ ഭീകരാക്രമണത്തെക്കാളും ചർച്ചയാവുന്നത് കരിമ്പ് കർഷകരുടെ കണ്ണുനീര് തന്നെയാണെന്ന് വ്യക്തം. സംസാരിച്ചിരിക്കവെ, ജയന്ത് ചൗധരിയുടെ വാഹനവ്യൂഹമെത്തി. മുദ്രാവാക്യങ്ങളോടെ സ്റ്റേജിലേക്ക് വരവേറ്റു. വലിയ ഹാരമണിയിച്ച് നേതാക്കൾ. പത്തുമിനിട്ടോളം നീണ്ട സംസാരവും ചടങ്ങും. ആൾക്കൂട്ടത്തിനിടയിലൂടെ വാഹനത്തിലേക്ക്. വാഹനത്തിലിരുന്നും പ്രവർത്തകർക്കൊപ്പം സെൽഫി. ജയന്ത് ചൗധരിയോടൊപ്പം കയറി, മറ്റൊരു പ്രചാരണസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ കേരളകൗമുദിയോട് സംസാരിച്ചു.
കർഷക പ്രതിസന്ധിയാണോ പ്രചാരണ വിഷയം?
അതെ. കർഷകർക്ക് കുടിശ്ശിക നൽകാനുണ്ടെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അംഗീകരിച്ചിട്ടുണ്ട്. മുൻസർക്കാരിന്റെ കുടിശ്ശിക കൊടുത്തുതീർത്തുവെന്ന് പറഞ്ഞ് അദ്ദേഹം യോഗി സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. സ്വന്തം തെറ്റുകൾ മറയ്ക്കാൻ മുൻ സർക്കാരുകളെ കുറ്രം പറയുക എന്നത് ബി.ജെ.പിയുടെ പതിവ് പരിപാടിയാണ്. ഗ്രാമീണ മേഖലയിൽ ഓരോ കുടുംബത്തിനും കുറഞ്ഞത് ഒരു ലക്ഷത്തിന് മുകളിൽ കൊടുക്കാനുണ്ട്. ഇതിനിടെ വൈദ്യുതി നിരക്ക് രണ്ടു തവണ കൂട്ടി. വളത്തിനും മറ്റും ചെലവ് കൂടി. സാധാരണ കർഷക കുടുംബങ്ങൾ എങ്ങനെ അതിജീവിക്കും?
യു.പിയിൽ മഹാസഖ്യം എന്ത് സന്ദേശമാണ് നൽകുന്നത്?
എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി സഖ്യം രാജ്യത്തിനൊരു രാഷ്ട്രീയ സന്ദേശമാണ്. വൈവിദ്ധ്യമുള്ള ഒരു രാജ്യമെന്ന നിലയ്ക്ക് എല്ലാവരെയും മുന്നോട്ടു കൊണ്ടുപോവുമെന്ന സന്ദേശം. വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത ആശയങ്ങളുള്ള വ്യത്യസ്ത ആളുകൾ ഇന്ന് ഒരുമിച്ച് നിൽക്കുന്നു. മുന്നാക്ക പിന്നാക്ക വിഭാഗങ്ങളും ദളിതരും മുസ്ലിങ്ങളുമെല്ലാം ഒരുമിക്കുന്ന സാമൂഹ്യസഖ്യമാണിത്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷസഖ്യം ജനങ്ങൾ താഴെതട്ടിൽ ഏറ്റെടുത്തുകഴിഞ്ഞു. അനിവാര്യതയിൽ നിന്നും ഉയർന്നു വന്നതു മാത്രമല്ല ഈ സഖ്യം.
കൈരാന ഉപതിരഞ്ഞെടുപ്പ് അതിന്റെ ശക്തി തെളിയിച്ചു. 2014ലേതു പോലെ വർഗീയത ഇത്തവണ വിലപ്പോവില്ല. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളുണ്ടാകുമ്പോൾ മറ്റുവിഷയങ്ങൾ അപ്രസക്തമാകുകയാണ്. സംഘപരിവാറാണ് ഈ പ്രചാരണത്തെ നയിക്കുന്നത്. എല്ലായിടത്തും മോദി,മോദി മന്ത്രങ്ങൾ ഉരുവിടുകയാണ്. കർഷക കേന്ദ്രീകൃത രാഷ്ട്രീയത്തിന് എതിരാണിത്. കർഷക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാനും കർഷക നേതാക്കളെ മാറ്റിനിറുത്താനുമുള്ള സംഘപരിവാർ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. കാർഷിക കേന്ദ്രീകൃതരാഷ്ട്രീയം മുഖ്യധാരയിലേക്ക് മടക്കികൊണ്ടുവരുന്നതു കൂടിയാണ് യു.പിയിലെ സഖ്യം.
പ്രധാനമന്ത്രി സ്ഥാനാർത്ഥി സഖ്യത്തിൽ നിന്നാവുമോ?
യു.പിയിൽ നിന്ന് ഒട്ടേറെ പ്രധാനമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇത്തവണയും പരിഗണിക്കാവുന്ന ചിലരുണ്ട്. ഏതായാലും യു.പിയിലെ മഹാസഖ്യം പതിനേഴാം ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്ലോക്കായിരിക്കും.ഡൽഹിയിലേക്കുള്ള അധികാരവഴി യു.പിയായിരിക്കും.
വാഹനം മറ്രൊരു ഗ്രാമത്തിലേക്ക് കയറിയപ്പോൾ അവിടെ ഞാനിറങ്ങി. നിറഞ്ഞചിരിയോടെ ജയന്ത് ചൗധരി. 2014ൽ പലവഴിക്ക് ചിതറിപ്പോയ വോട്ടുകൾ ഒരു കുടക്കീഴിലേക്ക് വരുമെന്ന പ്രതീക്ഷയാണ് ആ ചിരിക്ക് പിന്നിൽ.