thushar
Thushar

ന്യൂഡൽഹി: വയനാട് ലോക്‌സഭാ സീറ്റിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. തുഷാറിന്റെ പേര് ആദ്യം പ്രഖ്യാപിച്ചിരുന്ന തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി വരും.

വയനാട് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയെ അഭിമാനപൂർവം പ്രഖ്യാപിക്കുകയാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഊർജ്ജസ്വലനും മിടുക്കനുമായ യുവ നേതാവ് വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിനിധിയാണ്. ഇദ്ദേഹത്തിലൂടെ എൻ.ഡി.എ കേരളത്തിൽ രാഷ്‌ട്രീയ ബദൽ ആയി മാറുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ബി.ഡി.ജെ.എസിന് അനുവദിച്ച അഞ്ചുസീറ്റുകളിലൊന്നായ തൃശൂരിൽ തുഷാർ പ്രചാരണം തുടങ്ങിയിരുന്നു. വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത് ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ടിനെയാണ്. ഞായറാഴ്‌ച രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഡൽഹിയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ടു. തുഷാർ മത്സരിക്കുന്നതാണ് നല്ലതെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ഇന്നലെ രാവിലെ അമിത് ഷായും തുഷാറും വീണ്ടും ഫോണിൽ സംസാരിച്ച ശേഷമാണ് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. കോൺഗ്രസ് അദ്ധ്യക്ഷനെ നേരിടാൻ അവസരം ലഭിക്കുന്നത് തുഷാർ വെള്ളാപ്പള്ളിക്കും 2015ൽ രൂപീകൃതമായ ബി.ഡി.ജെ.എസിനും രാഷ്‌ട്രീയമായി വലിയ നേട്ടമാണ്.