ന്യൂഡൽഹി: വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിച്ചതിന് എൻഫോഴ്സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത പണം തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്രയ്‌ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. വാധ്രയ്‌ക്കും സഹായി മനോജ് അരോറയ്‌ക്കും അഞ്ചു ലക്ഷം രൂപ വീതം തുകയ്ക്കുള്ള ജാമ്യമാണ് ലഭിച്ചത്. അനുമതിയില്ലാതെ വിദേശത്ത് പോകരുതെന്ന് ഇരുവർക്കും നിർദ്ദേശമുണ്ട്. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജഡ്‌ജി അരവിന്ദ് കുമാർ പുറത്തിറക്കിയ ജാമ്യ ഉത്തരവിൽ പറയുന്നു. ലണ്ടനിൽ 19 ലക്ഷം പൗണ്ട് വിലയുള്ള വസ്‌തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ വാധ്ര ഇടക്കാല ജാമ്യത്തിലാണ്.