ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നീട്ടി വച്ചു. മേയ്-ജൂൺ മാസങ്ങളിലെ വേനൽ അവധിക്കു ശേഷം ജൂലായിലാകും കേസ് പരിഗണിക്കുക. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനും സി.പി.എമ്മിനും ലാവ്‌ലിൻ കേസ് ഉയർത്തുമായിരുന്ന ഭീഷണി ഒഴിവായി.
ഇന്നലെ വാദം നടത്താൻ സി.ബി.ഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത സന്നദ്ധനായെങ്കിലും ഭരണഘടനാ ബെഞ്ചിലെ ജോലികളുള്ളതിനാൽ വേനൽ അവധിക്കു മുൻപ് വാദം കേൾക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം. വി രമണ, ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ മൂന്നാഴ്‌ച ചോദിച്ച് കേസിൽ കുറ്റവിമുക്തനായ മുൻ വൈദ്യുതി പ്രിൻസിപ്പൽ സെക്രട്ടറി മോഹനചന്ദ്രൻ കോടതിയിൽ ഹർജി നൽകിയിരുന്നു.
പിണറായി വിജയനൊപ്പം മുൻ വൈദ്യുതി പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ എം.കസ്തൂരിരംഗ അയ്യർ, ജി. രാജശേഖരൻ നായർ, ആർ. ശിവദാസൻ എന്നിവരും സി.ബി.ഐയും നൽകിയ ഹർജിയാണ് കോടതിയിലുള്ളത്.