ന്യൂഡൽഹി:പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിക്കുള്ള കുറഞ്ഞ ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്തിയതും അവസാന 60 മാസത്തെ ശമ്പളം പെൻഷന് കണക്കാക്കുന്നതും അടക്കമുള്ള വ്യവസ്ഥകൾ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
2018 ഒക്‌ടോബറിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നൽകിയ അപ്പീൽ ജസ്റ്റിസുമാരായ ദീപക്ഗുപ്ത, സഞ്ജീവ്ഖന്ന എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
15,000 രൂപയ്‌ക്ക് മുകളിൽ ശമ്പളമുള്ളവർക്കും ആനുപാതികമായി വിഹിതം അടച്ച് ഉയർന്ന പെൻഷൻ നേടാമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച ഹൈക്കോടതി ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുക്കാൻ സമയപരിധി നിശ്‌ചയിച്ചത് റദ്ദാക്കിയിരുന്നു. വിരമിക്കുന്നതിന് മുൻപുള്ള അവസാനത്തെ 12 മാസത്തെ ശമ്പളം കണക്കാക്കി പെൻഷൻ നിർണയിക്കുന്ന രീതിയും കോടതി പുനഃസ്ഥാപിച്ചിരുന്നു. 2014 സെപ്‌തംബറിലാണ് ഇ.പി.എഫ്. ഒ വിവാദ വ്യവസ്ഥകൾ നടപ്പാക്കിയത്. ഇവ റദ്ദാക്കിയ ഹൈക്കോടതി വിധി തങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന ഇ.പി.എഫ്.ഒ വാദം സുപ്രീംകോടതി പരിഗണിച്ചില്ല.