saharanpur-

സഹറൻപുരിനെക്കുറിച്ച് ആദ്യമായി കേട്ട വാർത്ത ഒട്ടും ശുഭകരമായിരുന്നില്ല - 2014 ജൂലായിലെ കലാപം. മൂന്നുപേരുടെ ജീവനെടുത്തു. മുപ്പതിലധികം പേർക്ക് പരിക്ക്. പക്ഷേ, അത് പടർന്നുപിടിക്കാതെ പെട്ടെന്ന് തന്നെ കെട്ടടങ്ങി. ഇപ്പോൾ നഗരം ഊർജ്ജസ്വലമായി മുന്നോട്ട്. ഉറ്റവരെ നഷ്ടപ്പെട്ടവർ ഒന്നുമോർക്കാനും ഇഷ്ടപ്പെടുന്നില്ല.

സഹറൻപുർ ഷെഹർ ഖാസിയും സമാധാന ശ്രമങ്ങൾക്ക് മുൻകൈയുമെടുത്ത നദീം അക്തർ പറയുന്നു- "ഞങ്ങളല്ല, പത്രക്കാരാണ് അതിപ്പോഴും ഓർക്കുന്നത്. രാവിലെ എട്ടിന് കലാപം തുടങ്ങി. പത്തുമണിയോടെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. മുസഫർനഗറിലേതുപോലെ പടരുകയോ ദിവസങ്ങൾ നീണ്ടുനിൽക്കുകയോ ചെയ്തില്ല. എല്ലാവരും സൗഹാർദ്ദത്തോടെ നിൽക്കുന്ന നഗരമാണിത്. സെൻസിബിളായ നേതൃത്വം ഈ നാടിനുണ്ട്. ഞങ്ങൾ കൂട്ടായി നിന്നു.സമാധാനം പുലർന്നു. " വസതിയിൽ വച്ച് അദ്ദേഹം പറഞ്ഞു. കന്യാകുമാരി വരെ വന്നിട്ടുണ്ട്. അടുത്ത തവണ കേരളത്തിൽവരും. ഇടത് ബോധമുള്ള ജനങ്ങളാണ് നിങ്ങളുടെ ശക്തി - അദ്ദേഹം കൂട്ടിച്ചേർത്തു. ഇടംവലം തിരിയാൻ സ്ഥലമില്ലാത്ത ഇടുങ്ങിയ ഗലിയിലൂടെ റിക്ഷയിലാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ആ ഗലികളിൽ മനുഷ്യർ ഇഴചേർന്നുനിൽക്കുന്നു. ചെറിയ തുണ്ട് ഭൂമിക്ക് വേണ്ടി ആരാണ് അന്ന് ഇഴ പൊട്ടിച്ചത് ?
പശ്ചിമ യു.പിയിലൂടെയുള്ള ഈ യാത്രയിൽ സഹറൻപുരിൽ പോകാൻ മറ്റൊരു കാരണമുണ്ട്. ഇവിടെ മഹാസഖ്യവും ബി.ജെ.പിയും കോൺഗ്രസും പരസ്പരം പോരടിക്കുന്നു. ത്രികോണ മത്സരം.ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ പ്രചാരണപരിപാടികൾക്ക് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചത് സഹറൻപുരിലെ ശാഖുംഭരി ക്ഷേത്രത്തിൽവച്ചാണ്. ഇതേസഹറൻപുരിലെ, ലോകപ്രശസ്ത മുസ്ലിം പഠനകേന്ദ്രമായ ദാറുൽ ഉലൂം സ്ഥിതിചെയ്യുന്ന ദേവഭന്ദിലാണ് എസ്.പി,ബി.എസ്.പി,ആർ.എൽ.ഡി സഖ്യം ഏപ്രിൽ ഏഴിന് ആദ്യ സംയുക്ത റാലി നടത്തുന്നത്. മണ്ഡലത്തിന്റെ പ്രധാന്യം വ്യക്തം.

പ്രതിപക്ഷം ഭിന്നിച്ച് നിന്ന, 2014ലെ മോദി തരംഗത്തിൽ ബി.ജെ.പിയുടെ യുവനേതാവ് രാഘവ് ലഘൻപാൽ വിജയിച്ചു. അദ്ദേഹം തന്നെ വീണ്ടും ജനവിധി തേടുന്നു. മഹാസഖ്യത്തിനായി ബി.എസ്.പിയുടെ ഫസലുർ റഹ്മാൻ. ഒറ്റയ്ക്ക് നിൽക്കുന്ന കോൺഗ്രസ് കഴിഞ്ഞതവണ ശക്തമായി മത്സരം കാഴ്ചവച്ച് പരാജയപ്പെട്ട ഇമ്രാൻ മസൂദിനെ തന്നെ രംഗത്തിറക്കുന്നു. ആറരലക്ഷം മുസ്ലിംവോട്ടുണ്ട് മണ്ഡലത്തിൽ. മൂന്നരലക്ഷം ദളിത്,ഒരു ലക്ഷം യാദവർ, അരലക്ഷത്തോളം ജാട്ടുകൾ, പിന്നെ സിഖ് തുടങ്ങിയവരും.
പ്രാദേശിക പത്രപ്രവർത്തകനായ അൻജും സിദ്ദിഖി പറയുന്നു - മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ കോൺഗ്രസും ബി.എസ്.പിയും ശക്തരായ രണ്ടും മുസ്ലിം സ്ഥാനാർത്ഥികളെയാണ് നിറുത്തിയത്. കോർപറേഷൻ തിരഞ്ഞെടുപ്പിലും ഫസലുർറഹ്മാനും മസൂദും ഏറ്രുമുട്ടി. വോട്ടുകൾ ഭിന്നിച്ചു. ബി.ജെ.പിക്ക് നേട്ടമായി. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാനാണ് സാദ്ധ്യത. 2014ന് മുൻപ് 1996-99ൽ മാത്രമാണ് മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് - അൻജും ഓർമ്മിപ്പിച്ചു.
അതേസമയം നേട്ടങ്ങളുടെ പട്ടികയാണ് ബി.ജെ.പി നേതാവ് ഗൗരവ് ഗാർഗ് നിരത്തിയത്. ക്രമസമാധാനം മെച്ചപ്പെട്ടു.എസ്.പിയുടെ ഭരണകാലത്ത് കടകൾ പട്ടാപ്പകൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു മണിക്ക് ശേഷം കടകൾ അടച്ചിരുന്നു. ഇന്ന് സ്ഥിതി മാറി. രാത്രി വൈകിയും നഗരം ഉണർന്നിരിക്കുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായി വഴിനടക്കാവുന്ന സാഹചര്യമുണ്ടായി.പൂട്ടിക്കിടന്ന 12 പഞ്ചസാര മില്ലുകൾ തുറന്നു. റോഡ്, വിദ്യാഭ്യാസം തുടങ്ങിയ വികസനനേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ മറ്റൊരു മസൂദുണ്ടായാൽ നിങ്ങൾക്ക് എന്നെ മാറ്റാമെന്ന് മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വൈകാരിക പ്രസംഗങ്ങളിൽ കോൺഗ്രസിൻറെ ഇമ്രാൻ മസൂദ് പ്രസംഗിക്കുന്നു. '' തിരഞ്ഞെടുപ്പിനുശേഷം മായാവതി ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് ആരുകണ്ടു. മോദി ഭരണത്തിൽ ദളിതുകൾക്കെതിരെ അക്രമം നടന്നപ്പോൾ ബി.എസ്.പി നേതൃത്വം ഒളിച്ചോടി. മോദി പ്രധാനമന്ത്രിയായി വരട്ടെയെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചയാളാണ് മുലായംസിംഗ് യാദവ്. ഇവരുടെ നേതൃത്വത്തി മഹാസഖ്യത്തെ എങ്ങനെ വിശ്വസിക്കും''. യുവാക്കളുടെ കൈയടി വാങ്ങി ഇമ്രാൻ കവലകളിൽ പ്രസംഗിക്കുന്നു. മുസ്‌ലിം വോട്ടുകളിൽ നിർണായക സ്വാധീനമുള്ള മസൂദ് മുൻ എം.എൽ.എ കൂടിയാണ്.

ബി.എസ്.പി സ്ഥാനാർത്ഥി ഫസലുർ റഹ്മാൻ ഇറച്ചി എക്സ്പോർട്ടറാണ്. മുൻപ് ബി.എസ്.പി ജയിച്ച മണ്ഡലത്തിൽ ശക്തമായ സ്വാധീനം ഫസലു‌ർ റഹ്മാനുമുണ്ട്.

പശ്ചിമ യു.പിയിൽ മറ്റു പല സീറ്റുകളിലും മഹാസഖ്യത്തിന് നേട്ടമുണ്ടാകാൻ ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിക്കുന്ന സ്ഥാനാർത്ഥികളെ നിറുത്തിയ കോൺഗ്രസ് സഹറൻപുരിൽ ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലാണ് നീങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ബി.ജെ.പിയെ നേരിടാനെന്ന പേരിൽ പ്രതിപക്ഷം രണ്ടായി തിരിഞ്ഞുനിൽക്കുന്നത് ആർക്ക് അധികാരവഴിയൊരുക്കുമെന്നതിന്റെ തെളിവാകും സഹറൻപുരെന്നും അവർ പറയുന്നു.