ന്യൂഡൽഹി:യഥാർത്ഥ ശമ്പളം അടിസ്ഥാനമാക്കി ആനുപാതിക പെൻഷൻ നൽകണമെന്ന പി.എഫ് പെൻഷൻകാരുടെ ചിരകാല ആവശ്യമാണ് തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതോടെ യാഥാർത്ഥ്യമാകുന്നത്. ഇതോടെ 15,000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർക്കും 2014നു ശേഷം ജോലിയിൽ പ്രവേശിച്ചവർക്കും ഉയർന്ന പെൻഷൻ ഉറപ്പായി.

പെൻഷൻ പരമാവധി കുറയ്‌ക്കാനായി എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ടിൽ 2014 ആഗസ്‌റ്റിൽ കേന്ദ്രം കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ഭേദഗതികൾ 2018 ഒക്ടോബർ 12ന് കേരള ഹെെക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇ. പി. എഫ് ഒാർഗനൈസേഷൻ നൽകിയ അപ്പീൽ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞദിവസം തള്ളിയത്.

ഭേദഗതികൾ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഉയർന്ന പെൻഷന് ഒാപ്ഷൻ നൽകാൻ സമയപരിധി തീരുമാനിക്കുന്നതും യഥാർത്ഥ ശമ്പളത്തിന്റെ വിഹിതം നൽകാൻ തയ്യാറുള്ളവർക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നതും സ്വേച്ഛാപരമാണെന്ന ഹൈക്കോടതി നിരീക്ഷണങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു.

507 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

റദ്ദാക്കിയ ഭേദഗതികൾ:

1995ലെ ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ പെൻഷനുള്ള പരമാവധി ശമ്പളം 6500 രൂപയായി നിശ്ചയിച്ചത് 2014ൽ 15,000 രൂപയാക്കി ഉയർത്തി പരിമിതപ്പെടുത്തിയത്.

15,000രൂപയ്‌ക്ക് മുകളിൽ ശമ്പളമുള്ളവർ അധിക വിഹിതം നൽകി ഉയർന്ന പെൻഷന് 2014 സെപ്തംബർ ഒന്നുമുതൽ ആറ് മാസത്തിനകം ഒാപ്ഷൻ നൽകണമെന്ന വ്യവസ്ഥ

കൂടിയ ശമ്പളത്തിന്റെ 1.16 ശതമാനം അഡ്മിനിസ്ട്രേഷൻ ചാ‌ർജ് ഇൗടാക്കുന്നത്

ഒാപ്‌ഷൻ നൽകിയില്ലെങ്കിൽ കൂടിയ ശമ്പളത്തിന്റെ വിഹിതം പി.എഫ് അക്കൗണ്ടിലേക്ക് മാറ്റുന്നത്.

പെൻഷൻ കണക്കാക്കാൻ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയത്.

ഉറപ്പാക്കിയ ആനുകൂല്യങ്ങൾ:

മൊത്തം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കാൻ തൊഴിലാളികൾക്ക് കൂടുതൽ വിഹിതം അടയ്ക്കാം. ഇൗ ഒാപ്ഷന് സമയ പരിധിയില്ല. ഒാപ്‌ഷൻ നൽകിയില്ലെങ്കിൽ 2014 സെപ്‌തംബറിന് മുമ്പുള്ള വ്യവസ്ഥ പ്രകാരം 6500 രൂപ അടിസ്ഥാനമാക്കിയാകും പെൻഷൻ കണക്കാക്കുക.

പെൻഷൻ കണക്കാക്കുന്നത് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ.

തൊഴിലാളികളുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതവും വർദ്ധിക്കും.

സ്വന്തമായി പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെ വേർതിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയതിനാൽ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പി.എഫ്. പെൻഷൻ ഉറപ്പാക്കും.

 പി.എഫ് തുക പിൻവലിച്ച പെൻഷൻകാർക്ക് ഒടുവിൽ വാങ്ങിയ ശമ്പളം കണക്കാക്കി അതിന്റെ വിഹിതം പലിശ സഹിതം തിരിച്ചടച്ച് ഉയർന്ന പെൻഷൻ ഉറപ്പാക്കാം.

ഇനി വേണ്ടത്

ഉയർന്ന പെൻഷൻ ലഭിക്കാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇ.പി.എഫ്.ഒ ഉത്തരവ് ഇറക്കണം.