congress-manifesto-2009

ന്യൂഡൽഹി:ജനങ്ങളുടെ മൻ കീ ബാത്ത് എന്ന പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശേഷണത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്നലെ പ്രകാശനം ചെയ്‌തു.

അഞ്ചുകോടി ദരിദ്ര കുടുംബങ്ങൾക്ക് വർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും കർഷകർക്കായി കിസാൻ ബഡ്‌ജറ്റും വനിതാ സൗഹൃദ പദ്ധതികളും അടക്കം നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

ന്യായ് പദ്ധതിയുടെ പണം ഗൃഹനാഥയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.

ഒരു കൊല്ലത്തിനുള്ളിൽ കേന്ദ്ര സർക്കാരിലെയും കേന്ദ്ര സ്ഥാപനങ്ങളിലെയും നാല് ലക്ഷം ഒഴിവുകൾ നികത്തും, തൊഴിലുറപ്പ് പദ്ധതിയിൽ 150 തൊഴിൽ ദിനങ്ങൾ, നിർദ്ധന കുടുംബങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ, പാർലമെന്റിലും നിയമസഭകളിലും 33% വനിതാ സംവരണം തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ട്.

തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ ഭാഗമായി ആർക്കും സംഭാവനകൾ നൽകാവുന്ന ദേശീയ തിരഞ്ഞെടുപ്പ് ഫണ്ട് രൂപീകരിക്കുമെന്ന വാഗ്ദാനം ശ്രദ്ധേയമാണ്. ഐ.പി.സിയിലെ രാജദ്രോഹക്കുറ്റം എടുത്തുകളയും. കാശ്‌മീരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ നിയമം ഭേദഗതി ചെയ്യും.

റാഫേൽ ഉൾപ്പെടെ ബി. ജെ. പി സർക്കാരിന്റെ അഴിമതി ഇടപാടുകൾ അന്വേഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രകാശന ചടങ്ങിൽ സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, എ.കെ.ആന്റണി, പി. ചിദംബരം, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും പങ്കെടുത്തു.

പ്രധാന വാഗ്‌ദാനങ്ങൾ

 പൊതുമേഖലയിൽ 34 ലക്ഷം തൊഴിലുകൾ സ‌ൃഷ്‌ടിക്കും

 സംസ്ഥാനങ്ങളിലെ 20ലക്ഷം ഒഴിവുകൾ നികത്താൻ സമ്മർദ്ദം ചെലുത്തും.

 പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സമത്വ അവസര കമ്മിഷൻ

 ഗ്രാമങ്ങളിൽ 10 ലക്ഷം സേവാ മിത്ര തസ്‌തികകൾ

 നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മിഷൻ വീണ്ടും

 പുതിയ ബിസിനസുകൾക്ക് മൂന്നുവർഷത്തേക്ക് അനുമതി വേണ്ട.

 വ്യവസായ, സേവന, തൊഴിൽ മന്ത്രാലയം രൂപീകരിക്കും

 പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കും.

 സർക്കാർ ജോലിക്ക് അപേക്ഷാ ഫീസ് ഇല്ലാതാക്കും

 നോട്ട്നിരോധനം, ജി.എസ്.ടി ബാദ്ധ്യതകളിൽ നിന്ന് കരകയറ്റും

 12 ക്ളാസുവരെ സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം

 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് റിവാർഡ്

 വനിതകളെ നിയമിച്ചാൽ സാമ്പത്തിക ഇൻസെന്റീവ്

 വനിതകൾക്ക് തുല്യവേതനം

 വനിതകൾക്ക് രാത്രി ഷിഫ്റ്റ് നിരോധിക്കുന്ന നിയമം റദ്ദാക്കും

 ജി.എസ്.ടി പുതിയ രൂപത്തിൽ.

 ഇ - വേ ബിൽ നിർത്തലാക്കും

 കാർഷിക കടം തിരിച്ചടയ്‌ക്കാത്തത് ക്രിമിനൽ കുറ്റമല്ലാതാക്കും.

 ആദിവാസി ക്ഷേമ കമ്മിഷൻ.

 ഗ്രാമങ്ങളിൽ എല്ലാവർക്കും വീടുകൾ

 അസംഘടിത മേഖലയിൽ കുറഞ്ഞ വരുമാനം

 കുടിയേറ്റ തൊഴിലാളികൾക്കും റേഷൻ കാർഡ്.

 പൗരത്വ ഭേദഗതി ബിൽ പിൻവലിക്കും.

നടപ്പാക്കാവുന്ന വാഗ്‌ദാനങ്ങളേ പ്രകടനപത്രികയിൽ ഉണ്ടാകാവൂ എന്ന് നിർദ്ദേശിച്ചിരുന്നു. 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞതു പോലെ ആകില്ല നിർദ്ധന കുടുംബങ്ങൾക്ക് 72,000 രൂപ നൽകുമെന്ന വാഗ്‌ദാനം. വിദഗ്ദ്ധർ അടച്ചിട്ട മുറിയിൽ ഒരുക്കുന്ന പ്രകടന പത്രികയല്ല ഇത്. 24 സംസ്ഥാനങ്ങളിലായി 120 പൊതു ചർച്ചകൾ നടത്തി. ജനങ്ങളുടെ അഭിപ്രായങ്ങളാണ് ഇതിലുള്ളത്. ജനങ്ങളുടെ മൻ കീ ബാത്ത് ആണ് കോൺഗ്രസിന്റെ പ്രകടന പത്രിക.

- രാഹുൽ ഗാന്ധി, പ്രകടന പത്രിക പ്രകാശന ചടങ്ങിൽ