rahul

ന്യൂഡൽഹി: കോൺഗ്രസ് ദക്ഷിണേന്ത്യക്കാർക്കൊപ്പമാണെന്ന സന്ദേശം നൽകാനാണ് അമേതിക്കു പുറമെ താൻ വയനാട്ടിൽ മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് രാഹുൽ വിശദീകരണം നൽകിയത്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പൊതുവേദിയിലെ അദ്ദേഹത്തിന്റെ ആദ്യ വിശദീകരണമാണിത്.

മോദിസർക്കാർ തങ്ങൾക്ക് പരിഗണന നൽകിയില്ലെന്ന വികാരം ദക്ഷിണേന്ത്യക്കാർക്കുണ്ട്. പ്രധാന തീരുമാനങ്ങളിൽ ദക്ഷിണേന്ത്യ ഉൾപ്പെടുന്നില്ലെന്ന പരാതിയുമുണ്ട്. അതിന് പരിഹാരമായാണ് താൻ കേരളത്തിൽ മത്സരിക്കുന്നത്. ഞാൻ നിങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകാനാണത്. തന്റെ സ്ഥാനാർത്ഥിത്വം ഒരു സഖ്യത്തെയും ബാധിക്കില്ലെന്നും ഇടതിനെതിരെയുള്ള മത്സരത്തെ പരാമർശിപ്പിച്ച് രാഹുൽ വിശദീകരിച്ചു.

അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് ജനങ്ങളാണ് നിശ്‌ചയിക്കേണ്ടതെന്നും തന്റെ ജോലി താൻ നിർവ്വഹിക്കുന്നുണ്ടെന്നും രാഹുൽ മറുപടി പറഞ്ഞു. യു.പി.എ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി നിർദ്ധന കുടുംബങ്ങൾക്ക് താങ്ങായതു പോലെ ന്യായ് പദ്ധതിയും പ്രയോജനപ്പെടും. തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ന്യായ് പദ്ധതിയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം തകർന്നവർക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണിത്. നരേന്ദ്രമോദിക്ക് 30,000 കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിൽ നിക്ഷേപിക്കാമെങ്കിൽ കോൺഗ്രസിന് 72,000രൂപ വീതം പാവപ്പെട്ടവർക്ക് നൽകാൻ കഴിയും. ഹിന്ദുക്കളെ വിട്ട് താൻ ന്യൂനപക്ഷമുള്ള വയനാട്ടിൽ മത്സരിക്കാൻ പോകുന്നുവെന്ന് മോദി കളിയാക്കുന്നത് ഭയന്നിട്ടാണെന്നും രാഹുൽ പറഞ്ഞു. രാജ്യം കഷ്‌ടപ്പെടുമ്പോൾ അദ്ദേഹം കളവ് നടത്തി. അദ്ദേഹം പത്രസമ്മേളനം നടത്താൻ പോലും ഭയപ്പെടുന്നു. സംവാദം നടത്താൻ വീണ്ടും വെല്ലുവിളിക്കുന്നു. കാവൽക്കാരന് മൗനം പാലിക്കാം. പക്ഷേ ഒാടിപ്പോകരുതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.