padmanabhaswamy-temple

ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ ഭരണസമിതിയുടെ അനാസ്ഥ മൂലം സാമ്പത്തിക ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഭരണം രാജകുടുംബത്തിന് തിരിച്ചു നൽകരുതെന്നും ഗുരുവായൂർ ദേവസ്വം മാതൃക പരീക്ഷിക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

30 വർഷത്തോളം കുത്തഴിഞ്ഞ രീതിയിലാണ് ഭരണം നടന്നതെന്ന് അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെയും മുൻ സി.എ.ജി വിനോദ് റായിയുടെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലപ്പോഴും കണക്കെടുപ്പ് നടന്നിട്ടില്ല. വിനോദ് റായി വന്ന് കണക്കെടുത്തപ്പോഴാണ് കാര്യങ്ങൾ നേരെയായത്. ഈ സാഹചര്യത്തിൽ ഭരണം രാജകുടുംബത്തിന് തിരിച്ചു നൽകുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് എന്നിവർ ചൂണ്ടിക്കാട്ടി.

രാജകുടുംബത്തിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഗുരുവായൂർ ദേവസ്വം മാതൃക നടപ്പാക്കാം. ക്ഷേത്രത്തിലെ പൂജയും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. പുതിയ ഭരണസംവിധാനം സംബന്ധിച്ച് രാജകുടുംബം കോടതിയിൽ ചില നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ രാജകുടുംബം സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ കണ്ടെത്തലുകൾ തള്ളി റിപ്പോർട്ട് സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അമിക്കസ്‌ക്യൂറി സ്വന്തം നിലയിൽ അന്വേഷണം നടത്തിയെന്ന കണ്ടെത്തൽ ശരിയല്ലെന്നും വിവരങ്ങൾ ലഭിക്കാത്തതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യം കോടതിയും ശരിവച്ചു.

പദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ ഉൾപ്പെടെ നൽകിയ ഹർജികളാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിലുള്ളത്. ഇന്നും സർക്കാരിന്റെ വാദം തുടരും. തുടർന്ന് ഹർജിക്കാർക്ക് അവസരം ലഭിക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റിയേക്കും.