ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ കേസിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചെങ്കിലും വരിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. കോടതി റദ്ദാക്കിയ വിവാദ ഭേദഗതിക്കു പകരം പുതിയ ഉത്തരവിറക്കാൻ കേന്ദ്ര സർക്കാർ തലത്തിൽ നടപടികൾ ആവശ്യമായതിനാലാണിത്. തിരഞ്ഞെടുപ്പ് കാലത്ത് മന്ത്രിസഭയ്‌ക്ക് പെട്ടെന്ന് ഉത്തരവിറക്കാൻ പരിമിതികളുണ്ട്.
15,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്കും 2014നു ശേഷം ജോലിയിൽ പ്രവേശിച്ചവർക്കും ഉയർന്ന പെൻഷൻ ലഭിക്കാൻ സുപ്രീംകോടതി വിധി വഴിയൊരുക്കിയിട്ടുണ്ട്. മൊത്തം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിഹിതം നൽകാൻ തൊഴിലാളികൾക്ക് ഒാപ‌്ഷൻ നൽകാനും അവസരമൊരുങ്ങി. എന്നാൽ കേന്ദ്ര തൊഴിൽ മന്ത്രാലയം ഇറക്കിയ വിവാദ ഭേദഗതിക്കു പകരം പുതിയ ഉത്തരവിറങ്ങിയാലേ ആനുകൂല്യങ്ങൾ ലഭ്യമാകൂ. കൂടാതെ അപ്പീൽ തള്ളിയതിനെതിരെ വീണ്ടും കോടതിയെ സമീപിക്കണോ എന്നതിൽ ഇ.പി.എഫ്.ഒ തീരുമാനമെടുത്തിട്ടില്ല. ഇ.പി.എഫ്. ഒ ബോർഡ് യോഗം ചേർന്ന് സുപ്രീംകോടതി ഉത്തരവ് പഠിച്ച ശേഷമാകും തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് സമയമായതിനാൽ ജനവിരുദ്ധ നടപടികളിലേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
2014 ആഗസ്‌റ്റിലെ ഭേദഗതി റദ്ദാക്കി പുതിയ ഉത്തരവിറക്കാനും കടമ്പകളുണ്ട്. നിയമ മന്ത്രാലയത്തിന്റെ അടക്കം ഉപദേശങ്ങൾ പ്രകാരം തൊഴിൽ മന്ത്രാലയം പുതിയ ഉത്തരവ് തയ്യാറാക്കി കേന്ദ്ര മന്ത്രിസഭയ്‌ക്കു മുന്നിൽ വയ്‌ക്കണം. തിരഞ്ഞെടുപ്പ് സമയത്ത് മന്ത്രിസഭയ്‌ക്ക് പുതിയ ഉത്തരവിനുള്ള അനുമതി നൽകാൻ കഴിയുമോ എന്നതും വിഷയമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പുതിയ ഉത്തരവ് വരാൻ സാദ്ധ്യതയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.