namo

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന നമോ ടി.വിക്ക് തിരഞ്ഞെടുപ്പ് സമയത്ത് പ്രക്ഷേപണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. കോൺഗ്രസും ആംആദ്‌മി പാർട്ടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ലോഗോയിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ചാനൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രക്ഷേപണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഇരുപാർട്ടികളും ആരോപിക്കുന്നു. ലോഗോയ്‌ക്കു പുറമെ പരിപാടികളിലും നരേന്ദ്രമോദി മയമാണ് ചാനൽ. മോദിയുമായുള്ള അഭിമുഖങ്ങളാണ് പ്രധാന പരിപാടി.

ചാനലിന് അനുമതി നൽകാൻ ബി.ജെ.പി അപേക്ഷിച്ചിട്ടുണ്ടോ എന്നും ഉള്ളടക്കം നിശ്‌ചയിക്കുന്ന മാദ്ധ്യമ സർട്ടിഫിക്കറ്റ് സമിതിയുടെ മുമ്പാകെ ഹാജരായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. അതിനിടെ പ്രധാനമന്ത്രിയുടെ മേം ഭീ ചൗകിദാർ സംവാദ പരിപാടി തൽസമയം സംപ്രേക്ഷണം ചെയ്‌ത ദൂരദർശനും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. സർക്കാർ സ്ഥാപനമായ ദൂരദർശനെ ബി.ജെ.പി ദുരുപയോഗം ചെയ്‌തതായി കോൺഗ്രസ് പരാതിപ്പെട്ടിരുന്നു.