feature

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മണ്ഡലങ്ങളിലൊന്നാണ് പശ്ചിമ യു.പിയിലെ കയ്റാന. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ച് മഹാസഖ്യം പരീക്ഷണം വിജയം കണ്ട മണ്ഡലങ്ങളിലൊന്ന്. കരിമ്പ് കർഷകർ ധാരാളം. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികയും അലഞ്ഞുതിരിയുന്ന കാലികളുടെ ശല്യവും കാരണം ജീവിതം പ്രതിന്ധിയിലായ നിരവധി കർഷകരെ കയ്‌രാനയിൽ കാണാം.

ജാതി മത സമവാക്യങ്ങൾ കണക്കുകൂട്ടി എസ്.പി. - ബി.എസ്.പി ,ആർ.എൽ.ഡി മഹാസഖ്യവും ബി.ജെ.പിയും കോൺഗ്രസും ത്രികോണമത്സരത്തിനൊരുങ്ങുമ്പോൾ പശ്ചിമ യു.പിയിലെത്തുന്ന ആർക്കും കരിമ്പ് കർഷക പ്രതിസന്ധിയും അലഞ്ഞുതിരിയുന്ന കാലി പ്രശ്നവും പല കണക്കുകളും തെറ്റിക്കാൻ പ്രാപ്തമാണെന്ന് വ്യക്തമാകും.

തിരിഞ്ഞുകുത്തുന്ന പശു

ഷാംലിയിലെ ദേശ്പാൽ റാണ കർഷകനാണ്. സഹോദരങ്ങളോടൊപ്പം കരിമ്പും ബാർളിയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. 200 ബിഗാ നിലമുണ്ട്. വർഷങ്ങളായി ആർ.എസ്.എസ് പ്രവർത്തകനാണെന്ന് അവകാശപ്പെട്ട റാണ പക്ഷേ ഇപ്പോൾ പ്രസ്ഥാനത്തോടൊപ്പമില്ലെന്ന് പറഞ്ഞു. കാരണം റാണ പറയുന്നു- കരിമ്പ് കുടിശ്ശികയും അലഞ്ഞുതിരിയുന്ന കാലികളും.

രണ്ടു മാസത്തിനിടെ 60 ശതമാനം ബാർളി ചെടികളും അലഞ്ഞുതിരിയുന്ന പശുക്കൾ തിന്നുനശിപ്പിച്ചു. കരിമ്പും ഗോതമ്പുമെല്ലാം നശിച്ചു. യോഗി സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഗോരക്ഷാ സേനയുടെ അക്രമങ്ങളും കാലി വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. അക്രമം ഭയന്ന് കാലികളെ വാങ്ങാനാളില്ലാതായി. വരുമാന നഷ്ടവും കൂടി. വയസെത്തിയവയെ ഉടമകൾ കെട്ടഴിച്ചുവിടുകയാണ്. ഇവ കൂട്ടമായെത്തി കമ്പിവേലികൾ തകർത്ത് കൃഷിയിടത്തേക്കിറങ്ങുന്നു. വിളവ് തിന്നുന്നു. അടുത്തിടെ കാളകുത്തി ഒരു കർഷകൻ മരിച്ചു.

പശുക്കളെ എന്തെങ്കിലും ചെയ്താൽ ഗോരക്ഷാനിയമപ്രകാരം ഉടനടി പൊലീസ് കേസ് വരുന്നു. ഇവയെ പാർപ്പിക്കാൻ ഗോശാലകൾ പണിയുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഫലപ്രദമായൊന്നും നടന്നില്ല. റാണ വിശദീകരിച്ചു. കർഷക നേതാവായ ജിതേന്ദർ സിംഗും പ്രതിസന്ധി ചൂണ്ടിക്കാട്ടി. സെപ്തംബർ മുതൽ മേയ് വരെ നീളുന്നതാണ് പശ്ചിമ യു.പിയിലെ കരിമ്പ് സീസൺ. 2016 -17 സീസണിലെ പണം ഈ വർഷം ഫെബ്രുവരിയോടെയാണ് കൈമാറിയത്. 2018 മുതലുള്ല ഈ സീസണിലേത് ഇതുവരെ കൊടുത്തിട്ടില്ല. പഞ്ചസാര മില്ലുകൾക്ക് മുന്നിൽ നിരവധി പ്രക്ഷോഭങ്ങളും ഇതിനകം നടന്നു. ഈ പ്രതിസന്ധിക്ക് പുറമെയാണ് അലഞ്ഞുതിരിയുന്ന കാലികളുണ്ടാക്കുന്ന പ്രശ്നം.

ജിതേന്ദർ പറഞ്ഞു. ശല്യം സഹിക്കാനാവാതെ അലിഗഡിലും ആഗ്രയിലും കർഷകർ നൂറുകണക്കിന് കാലികളെ സ്കൂളുകളിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം രാജ്യത്ത് അലഞ്ഞുതിരിയുന്ന കാലികളുടെ എണ്ണം ഏകദേശം 52 ലക്ഷമാണെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. യു.പിയിൽ പത്തുലക്ഷത്തോളം വരും. ആകെ രാജ്യത്തുള്ളത് രണ്ടായിരത്തിൽ താഴെ രജിസ്ട്രേഡ് ഗോശാലകൾ. കഴിഞ്ഞ ഏഴുവർഷമായി പുതിയ സെൻസസ് നടന്നിട്ടില്ല. യു.പിയിൽ 100 പശുക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ല ഗോശാലകളിൽ ഇരട്ടിയിലധികം കന്നുകാലികളെയാണ് പാർപ്പിക്കുന്നത്. പാടങ്ങൾ മാത്രമല്ല റോഡുകളും കാലികൾ കൈയടക്കിയിട്ടുണ്ട്.

'ക്രമസമാധാനം മെച്ചപ്പെട്ടു'

കരിമ്പ് പാടത്തെ ചെറുവഴിയിലൂടെ സൈക്കിളിൽ വരുന്ന ഓംപ്രകാശ് ചൗധരിയെന്ന കർഷകനെ കണ്ടു. കാര്യങ്ങൾ അന്വേഷിച്ചു. '' കൃഷി ബുദ്ധിമുട്ടാണ്. സർക്കാരിൽ നിന്ന് കുടിശ്ശിക കിട്ടാനുണ്ട്. അലഞ്ഞുതിരിയുന്ന കാലികൾ വിളകൾ നശിപ്പിക്കുകയാണ്. '' കരിമ്പ് കൃഷിവകുപ്പ് മന്ത്രിയായ ബി.ജെ.പി നേതാവ് സുരേഷ് റാണയെ രൂക്ഷമായി വിമർശിക്കാനും ചൗധരി മടിച്ചില്ല.

ആർക്കാണ് വോട്ട്? ചൗധരിയോട് ചോദിച്ചു. ഉടൻ മറുപടി ഇങ്ങനെ- " വോട്ട് താമരയ്ക്കാണ്. " . എന്തുകൊണ്ട്?

" യോഗി സർക്കാർ വന്നശേഷം ഏത് സമയത്തും പുറത്തിറങ്ങി നടക്കാം. പാതിരാത്രിക്കും ഈ പാടത്തൂടെ നടന്നുപോയാൽ ആരും കത്തികാട്ടി പേടിപ്പിക്കാറില്ല. മുൻപ് ഇങ്ങനെയായിരുന്നില്ല. ക്രമസമാധാനനില മെച്ചപ്പെട്ടു." ചൗധരി പറഞ്ഞു.

ബാഗ്പതിലെയും സഹറൻപുരിലെയും ബി.ജെ.പി നേതാക്കളും ഇത് തന്നെയാണ് പറഞ്ഞത്. എസ്.പി ഭരണകാലത്തേക്കാൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. മഹാസഖ്യത്തിനെതിരെ ക്രമസമാധാന നില സജീവ പ്രചരണവിഷയമാക്കുകയാണ് ബി.ജെ.പി.