election
election

ന്യൂഡൽഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പരസ്യ പ്രസ‌്‌താവന നടത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ചിലി സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയായിരുന്നു.

ഇക്കഴിഞ്ഞ 23ന് ഉത്തർപ്രദേശിലെ അലിഗഡിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മോദി ഭക്തിയിൽ കല്യാൺ സിംഗ് നിലമറന്ന് പ്രസ്‌താവന നടത്തിയത്. ബി.ജെ.പി വിജയിക്കണമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി ആകണമെന്നും നമ്മളെല്ലാം ആഗ്രഹിക്കുന്ന കാര്യമാണെന്നും അത് രാജ്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നുമാണ് കല്യാൺ സിംഗ് പറഞ്ഞത്. പ്രസ്‌താവന വിവാദമായതോടെ യു.പി ചീഫ് ഇലക്‌ടറൽ ഒാഫീസറിൽ നിന്ന് വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് ഭരണഘടനാ പദവിയിലിരുന്ന് നടത്തിയ പ്രസ്‌താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. 1992ൽ ബാബറി മസ്‌ജിദ് തകർത്ത സമയത്ത് യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് 1999ൽ ബി.ജെ.പി വിട്ടെങ്കിലും 2004ൽ തിരിച്ചെത്തിയിരുന്നു. 2014ലാണ് ഗവർണർ പദവിയിൽ നിയമിതനാകുന്നത്.

1993ലും സംഭവിച്ചു

ഗവർണർ പദവിയിലിരിക്കുന്നവർ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് രാഷ്ട്രപതിയുടെ നയം. എന്നാൽ ഗവർണർമാർ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നത് ആദ്യമല്ല. മകൻ സയീദ് അഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പത് കമ്മിഷൻ വിധിച്ചതിനെ തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് ഗുൽഷേർ അഹമ്മദിന് 1993ൽ ഹിമാചൽപ്രദേശ് ഗവർണർ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.