ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ പ്രവീൺ നിഷാദ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ജെ പി നദ്ദയിൽ നിന്നാണ് പ്രവീൺ അംഗത്വം സ്വീകരിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലമായിരുന്നു ഗോരഖ്പൂർ. മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം എം. പി സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി. ജെ. പിക്കെതിരെ രൂപം കൊണ്ട സമാജ്‌വാദി - ബി.എസ്.പി സഖ്യം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. യോഗിയുടെ ശക്തികേന്ദ്രമായിരുന്ന സീറ്റിൽ പ്രവീൺ ജയിച്ചത് ബി.ജെ.പിക്ക് കനത്ത പ്രഹരമായിരുന്നു.
നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകനായ പ്രവീൺ അന്ന് സമാജ്‌വാദി ടിക്കറ്റിലാണ് മത്സരിച്ചത്. ഇത്തവണയും എസ്. പി ബാനറിൽ തന്നെ പ്രവീൺ മത്സരിക്കണമെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എന്നാൽ പ്രവീണിനെ നിഷാദ് പാർട്ടിയുടെ ബാനറിൽ മത്സരിപ്പിക്കണമെന്ന് സഞ്ജയ് നിഷാദ് ആവശ്യപ്പെട്ടിരുന്നു. തുടർന്നുണ്ടായ ഭിന്നത മൂലമാണ് പ്രവീൺ പാർട്ടി വിട്ടത്. ഇത്തവണ നിഷാദിനെ തന്നെ നിറുത്തി ഗോരഖ്‌പൂർ വീണ്ടെടുക്കാൻ ബി. ജെ. പി ശ്രമിച്ചേക്കും.
തെലുങ്കാനയിലെ മുൻ കോൺഗ്രസ് എം.പിയും തെലുങ്കാന പ്രക്ഷോഭത്തിൽ പങ്കാളിയുമായിരുന്ന ആനന്ദ ഭാസ്‌കർ റാപ്പോലുവും ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. ഇദ്ദേഹം കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.