lk-advani
LK ADVANI

ന്യൂഡൽഹി:രാജ്യം ആദ്യം, പാർട്ടി പിന്നെ, വ്യക്തി അവസാനം. രാഷ്ട്രീയമായി വിയോജിക്കുന്നവരെ ബി. ജെ. പി ഒരിക്കലും 'ശത്രുക്കളായി' കണ്ടിട്ടില്ല. - ഇത്തവണ

ലോക്‌സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ട് രാഷ്‌ട്രീയ വനവാസത്തിന്റെ വക്കിലായ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി തന്റെ ബ്ലോഗിലാണ് ഇങ്ങനെ കുറിച്ചത്.

വ്യക്തിപരമായും രാഷ്ട്രീയതലത്തിലും പൗരന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ബി.ജെ.പി സ്ഥാപക ദിനത്തോടനുബന്ധിച്ചിറക്കിയ കുറിപ്പിൽ അദ്വാനി വ്യക്തമാക്കി.

തന്റെ സിറ്റിംഗ് മണ്ഡലമായ ഗാന്ധിനഗറിൽ അമിത് ഷായെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമുള്ള അദ്വാനിയുടെ ആദ്യപ്രതികരണമാണ് ഇത്.

രാജ്യം ആദ്യം, പിന്നെ പാർട്ടി, വ്യക്തി അവസാനം എന്ന തത്വമാണ് തന്റെ ജീവിതത്തെ നയിച്ചത്. എന്നും അത് കർശനമായി പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും. ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്ത വൈവിദ്ധ്യവും ആവിഷ്കാര സ്വാതന്ത്ര്യവുമാണ്.രാഷ്ട്രീയമായി വിയോജിക്കുന്നവരെ ബി. ജെ. പി 'ശത്രുക്കളായി' കണ്ടിട്ടില്ല. പ്രതിയോഗികളായാണ് കണ്ടത്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായി ഒരിക്കലും കരുതിയിട്ടില്ല. പാർട്ടിക്കുള്ളിലും രാജ്യത്താകെയും ജനാധിപത്യവും ജനാധിപത്യ പാരമ്പര്യങ്ങളും സംരക്ഷിക്കുക പാർട്ടിയുടെ മുഖമുദ്രയാണ്. സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും നിതീക്കും മാദ്ധ്യമങ്ങളുൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ ദൃഢതയ്ക്കുമായി ബി.ജെ.പി എന്നും മുന്നിലാണ്. 1991 മുതൽ ആറുതവണ തന്നെ ജയിപ്പിച്ച ഗാന്ധിനഗറിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിനഗറിൽ തനിക്ക് സീറ്റ് നിഷേധിച്ചതിൽ പാർട്ടി സ്ഥാപക നേതാവ് കൂടിയായ എൽ.കെ അദ്വാനിക്ക് അതൃപ്തിയുണ്ടെന്നസൂചനകളുണ്ടായിരുന്നു. ഇത് വെളിവാക്കുന്നതാണ് ഇന്നലെത്തെ പ്രസ്താവനയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരെ പരോക്ഷമായി വിമർശിക്കുന്നതാണെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.