ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കോപ്ടർ അഴിമതി കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി ട്രഷററുമായ അഹമ്മദ് പട്ടേലിനെ കുരുക്കിലാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുബന്ധ കുറ്റപത്രം. അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ഡയറിയിൽ രേഖപ്പെടുത്തിയ 'എ.പി' അഹമ്മദ് പട്ടേലാണെന്ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചു. ഫാം (Fam) എന്നത് കുടുംബം ആണെന്നും ചോദ്യം ചെയ്യലിൽ മിഷേൽ മൊഴി നൽകിയതായി ഇ.ഡി പറയുന്നു.
മിഷേലിന്റെ ബിസിനസ് പങ്കാളി ഡേവിഡ് സിംസ്, ഗ്ലോബൽ സർവീസസ്, ഗ്ലോബൽ ട്രേഡ് ആൻഡ് കോമേഴ്സ് ലിമിറ്റഡ് എന്നീ കമ്പനികളെയും ഇ.ഡി പ്രതി ചേർത്തിട്ടുണ്ട്.
ഇടപാട് നടക്കാൻ വ്യോമസേന, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ, അന്നത്തെ ഭരണകക്ഷിയിലെ (ഒന്നാം യു.പി.എ സർക്കാർ) ഉന്നത നേതാക്കൾ എന്നിവർക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ടുള്ളതാണ് മിഷേലിന്റെ ഡയറിയിലെ കോഡുകൾ. 2008 ഫെബ്രുവരി മുതൽ 2009 ഒക്ടോബർ വരെയുള്ള നിരവധി ഇ-മെയിലുകൾ കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം, മിഷേൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അൽജോ കെ. ജോസഫ് പറഞ്ഞു. കുറ്റപത്രത്തിന്റെ പകർപ്പ് തനിക്ക് ലഭിക്കും മുൻപ് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെതിരെ മിഷേൽ നൽകിയ ഹർജിയിൽ ഇ.ഡിയിൽ നിന്ന് കോടതി വിശദീകരണം തേടി.
ഇ.ഡി പറയുന്നത്
1. 1986 മുതൽ 'മിസിസ് ഗാന്ധി'യെ മിഷേലിന് അറിയാം. കോപ്ടർ ഇടപാടിലെ പ്രേരകശക്തി ' മിസിസ് ഗാന്ധി'. ഇറ്റാലിയൻ ലേഡിയുടെ മകൻ അടുത്ത പ്രധാനമന്ത്രി. പാർട്ടിയിൽ അയാളുടെ സ്വാധീനം വർദ്ധിച്ചുവരുന്നു... എന്നിങ്ങനെ മിഷേലിന്റെ കത്തുകളിൽ പരാമർശം
2. ഇടപാടിനായി മുതിർന്ന കോൺഗ്രസ് നേതാക്കൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മേൽ സമ്മർദ്ദം ചെലുത്തി. ഹവാല ഇടപാടുകളിലൂടെയാണ് പണം കൈമാറിയത്
3. മിഷേലിന്റെ ജീവനക്കാരനായ ജെ.ബി സുബ്രഹ്മണ്യത്തിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ഹാർഡ‌് ഡിസ്‌കിൽ നിന്നാണ് ഇ-മെയിലുകൾ കണ്ടെടുത്തത്.
3,600 കോടിയുടെ ഇടപാട്
ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.ഐ.പികൾക്ക് സഞ്ചരിക്കാനായി 12 ആഢംബര ഹെലികോപ്ടർ വാങ്ങാൻ 2007ലാണ് കരാറൊപ്പിട്ടത്. 3,600 കോടിയുടെ കരാറിൽ ക്രമക്കേട് ആരോപണമുയർന്നതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കരാർ പിന്നീട് റദ്ദാക്കി. കരാറിന് പിന്നിലെ പ്രധാന ഇടനിലക്കാരൻ ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യൻ മിഷേലാണെന്ന് എൻഫോഴ്സ്‌മെന്റ്.
"ആരോപണങ്ങൾ അടിസ്ഥാനരഹിതം. ഇത് തിരഞ്ഞെടുപ്പ് തട്ടിപ്പാണ്. ജുഡിഷ്യറിയിൽ വിശ്വാസമുണ്ട്.
- അഹമ്മദ് പട്ടേൽ
'എ.പി' അഹമ്മദ് പട്ടലാണ്. 'ഫാം' ഫാമിലി ആണ്. പട്ടേലിന് അടുപ്പമുള്ള കുടുംബം ഏതാണ്? അഴിമതിയും കോൺഗ്രസും തമ്മിലുള്ള ബന്ധം തകർക്കാൻ പറ്റാത്തത് ".
- പ്രധാനമന്ത്രി നരേന്ദ്രമോദി
'തിരഞ്ഞെടുപ്പ് പരാജയഭീതി കാരണം എൻഫോഴ്സ്‌മെന്റിനെ ഉപയോഗിച്ച് ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്
- രൺദീപ് സിംഗ് സുർജേവാല,
കോൺഗ്രസ് വക്താവ്