നീരസം പരസ്യമാക്കി സുമിത്രാ മഹാജനും
മനോഹർജോഷിയെ പാട്ടിലാക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 75 വയസ് തികഞ്ഞവർക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ ബി.ജെ.പിയിൽ കലാപക്കൊടിയുയർത്തുന്നു. പാർട്ടി നിലപാടിനെ വിമർശിച്ച് ബ്ളോഗ് എഴുതിയ എൽ.കെ. അദ്വാനിക്കു പിറകെ ഇൻഡോറിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ ലോക്‌സഭാ സ്‌പീക്കർ സുമിത്രാ മഹാജൻ കത്തിലൂടെ അതൃപ്തി പരസ്യമാക്കി.
ടിക്കറ്റ് നിഷേധിക്കപ്പെട്ട മുരളീമനോഹർ ജോഷിയെ പ്രതിപക്ഷ കക്ഷികൾ സമീപിച്ചതായും വാർത്ത വന്നു. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ തത്‌ക്കാലം അവഗണിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, ആർ.എസ്.എസ് വഴി അദ്വാനിയെയും ജോഷിയെയും അനുനയിപ്പിക്കാനുള്ള നീക്കം സജീവമാണ്.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് എട്ടു തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് സുമിത്ര. ഈമാസം 76 തികയുന്ന ഇവർ പ്രായപരിധി ചട്ടത്തിൽ ഇളവു ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നേതൃത്വത്തിന് കത്തയച്ചത്. മേയ് 19ന് വോട്ടിംഗ് നടക്കേണ്ട മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സങ്കോചം എന്താണെന്ന് അവർ ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ മേം ഭി ചൗകിദാർ സംവാദത്തിന്റെ ഭാഗമായി ഇൻഡോറിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് സുമിത്ര വിട്ടുനിന്നിരുന്നു.
നിക്ഷ്‌പക്ഷത പുലർത്തേണ്ട ലോക്‌സഭാ സ്‌പീക്കർ പദവിയിലിരുന്ന് പാർട്ടി വിധേയത്വം പുലർത്തിയതിന് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് പലതവണ വിധേയയായിട്ടുണ്ട് സുമിത്രാ മഹാജൻ. ഇൻഡോറിൽ 2014ൽ 4.66 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുമിത്ര ജയിച്ചത്. അതിനിടെ, കോൺഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ ഇൻഡോറിൽ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ട്.
മുരളിമനോഹർ ജോഷിയെ സമാജ‌്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ സമീപിച്ചെന്ന വാർത്തകളെ തുടർന്നാണ് ആർ.എസ്.എസ് വഴി അനുനയ നീക്കം തുടങ്ങിയത്. മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാൻ പ്രതിപക്ഷം നിർദ്ദേശിച്ചെങ്കിലും സുരക്ഷിതമായ സീറ്റ് മതിയെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. കാൺപൂരിലെ സിറ്റിംഗ് സീറ്റിൽ ടിക്കറ്റില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി രാംലാൽ വഴിയാണ് ജോഷിയെ അറിയിച്ചത്.
'പ്രതിഷേധിക്കുന്ന നേതാക്കൾക്കെല്ലാം പാർട്ടി മികച്ച അവസരങ്ങൾ നൽകിയിട്ടുണ്ട്. സ്വരം നന്നായിരിക്കെ തന്നെ പാട്ടു നിറുത്തണം"
- നേതൃനിരയിലുള്ള ബി.ജെ.പി നേതാവ്