ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക സങ്കൽപ് പത്ര് തിങ്കളാഴ്ച ഡൽഹിയിൽ പ്രകാശനം ചെയ്യും. 72,000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ന്യായ് പദ്ധതി അടക്കം കോൺഗ്രസിന്റെ ജനകീയ പ്രഖ്യാപനങ്ങളെ കടത്തി വെട്ടാൻ പാകത്തിലുള്ള വാഗ്‌ദാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഏപ്രിൽ 11ന് ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചരണം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് പത്രിക പ്രകാശനം. 2014ൽ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്‌തത്. ഇതു ചൂണ്ടിക്കാട്ടി വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളിൽ പ്രകടന പത്രിക പുറത്തിറക്കാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമുണ്ട്.