ന്യൂഡൽഹി: ആദ്യകാല ബോളിവുഡ് സൂപ്പർതാരം ശത്രുഘ്നൻ സിൻഹ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. പത്തുവർഷമായി ബി.ജെ.പി എം.പിയായി തുടരുന്ന ബീഹാറിൽ പാട്നാസാഹിബ് മണ്ഡലത്തിൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദാണ് എതിരാളി. ബി.ജെ.പിയിൽ 'ടുമെൻ ആർമിയും വൺമാൻ ഷോ'യുമാണെന്നും മുതിർന്ന നേതാക്കളെ അപമാനിക്കുന്നത് കഷ്‌ടമാണെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.
നരേന്ദ്രമോദിയെയും അമിത് ഷായെയും പരസ്യമായി വിമർശിച്ചിരുന്ന ശത്രുഘ്‌നൻ സിൻഹ പാർട്ടി വിടുമെന്നുറപ്പായതോടെയാണ് ബി.ജെ.പി രവിശങ്കർ പ്രസാദിനെ പാട്നാ സാഹിബിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജനുവരിയിൽ തൃണമൂൽ നേതാവ് മമതാ ബാനർജി കൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ മെഗാറാലിയിൽ ശത്രുഘ്‌നൻ സിൻഹ പങ്കെടുത്തിരുന്നു. ഒരാഴ്‌ച മുമ്പ് ഡൽഹിയിൽ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം കോൺഗ്രസ് പ്രവേശനം ഉറപ്പാക്കിയെങ്കിലും ബീഹാറിൽ ആർ.ജെ.ഡി നേതൃത്വം എതിർത്തതാണ് പ്രവേശനം വൈകിച്ചത്. ആർ.ജെ.ഡിയുമായി പ്രശ്‌നങ്ങളില്ലെന്ന് വിശദമാക്കാൻ ലാലു പ്രസാദ് യാദവാണ് കോൺഗ്രസിൽ ചേരാൻ കാരണമായതെന്നും സിൻഹ ഇന്നലെ പറഞ്ഞു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ശത്രുഘ്നൻ സിൻഹയുടെ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ''കഴിഞ്ഞ അഞ്ചുവർഷം മന്ത്രിമാർക്ക് സ്വാതന്ത്ര്യത്തോടെ ജോലിയെടുക്കാനായില്ല. പ്രധാനമന്ത്രിയുടെ ഒാഫീസാണ് എല്ലാം നിയന്ത്രിച്ചത്. വിമർശിക്കുന്നതിനാൽ തനിക്ക് മന്ത്രിസ്ഥാനം നൽകില്ലെന്ന് പറഞ്ഞിരുന്നു. "-കോൺഗ്രസിൽ ചേർന്നതിന്റെ സാഹചര്യം വിശദീകരിച്ച ശത്രുഘ്നൻ ബി.ജെ.പി നേതൃത്വത്തെ കടന്നാക്രമിച്ചു. 1998മുതൽ 2008വരെ രാജ്യസഭാംഗമായിരുന്ന ശത്രുഘ്‌നൻ സിൻഹ 2002മുതൽ 2004 വരെ വാജ്‌പേയി മന്ത്രിസഭയിൽ കുടുംബക്ഷേമ, ഷിപ്പിംഗ് വകുപ്പിൽ മന്ത്രിയായിരുന്നു.
പാർട്ടി വിട്ടെങ്കിലും നാവിൽ ബി.ജെ.പി
കോൺഗ്രസിൽ ചേർന്നെങ്കിലും ആദ്യ പാർട്ടിയായ ബി.ജെ.പിയുടെ ഹാംഗോവർ വിട്ടിട്ടില്ലെന്ന് തെളിയിക്കുന്ന വിധമായിരുന്നു ശത്രുഘ്‌നൻ സിൻഹയുടെ പത്രസമ്മേളനം. ബീഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ശക്തി സിംഗ് ഗോഹിലിനെ പത്രസമ്മേളനത്തിൽ അഭിസംബോധന ചെയ്‌തത് ബി.ജെ.പി നേതാവെന്നാണ്. മാദ്ധ്യമ പ്രവർത്തകർ പിഴവു ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റു തിരുത്തിയ ശത്രുഘ്‌നൻ സിൻഹ പറഞ്ഞത് മനപൂർവമല്ലെന്ന് വ്യക്തമാക്കി.