ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പ്രയോഗം വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കാൻ ലക്ഷ്യമിട്ടുള്ളതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ പാർട്ടിയെ ബ്രിട്ടീഷ് ഇന്ത്യയിലെ ആൾ ഇന്ത്യാ മുസ്ളിം ലീഗുമായും പച്ചക്കൊടിയെ പാകിസ്ഥാൻ പതാകയുമായും താരതമ്യപ്പെടുത്തിയതിനെയും പരാതിയിൽ ചോദ്യം ചെയ്യുന്നു. യോഗിക്കും ഈ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച അകാലിദൾ എം.എൽ.എ എം.എസ്.സിർസ അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ സെക്രട്ടറി ഖൊറം ഉമർ നൽകിയ പരാതിയിൽ പറയുന്നു. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ആവശ്യമുണ്ട്. പരാതി നൽകിയ സംഘത്തിൽ നേതാക്കളായ മുഹമ്മദ് അലീം, ഇമ്രാൻ ഇജാസ്, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുമുണ്ടായിരുന്നു.