ന്യൂഡൽഹി: മലയാളിയും മുൻ കരസേനാ ഉപമേധാവിയുമായ ലഫ് ജനറൽ ശരത് ചന്ദ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ശരത് ചന്ദിന്റെ അംഗത്വം പ്രഖ്യാപിച്ചത്. കൊട്ടാരക്കര സ്വദേശിയായ ശരത് ചന്ദ് 1979ൽ ഗഡ്‌വാൾ റൈഫിൾസിലൂടെയാണ് സൈനിക സേവനം തുടങ്ങുന്നത്. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനാ ദൗത്യം, കാർഗിൽ യുദ്ധം, ആസാമിൽ തീവ്രവാദികൾക്കെതിരെ ഒാപ്പറേഷൻ റൈനോ, അരുണാചലിലെ ഒാപ്പറേഷൻ ഫാൽക്കൺ എന്നിവയിലും കാശ്‌മീരിലും അടക്കം നിരവധി സൈനിക ഒാപ്പറേഷനുകളിൽ പങ്കെടുത്തിട്ടുള്ള ശരത്ചന്ദ് 2017ലാണ് കരസേനാ ഉപമേധാവിയായത്. അതിനു മുമ്പ് സൗത്ത് വെസ്‌റ്റേൺ കമ്മാൻഡ് മേധാവിയായിരുന്നു. 2018 ജൂണിൽ വിരമിച്ച ശേഷം എറണാകുളത്താണ് താമസം.
ഇന്നത്തെ മാറുന്ന ലോക സാഹചര്യത്തിൽ രാജ്യത്തിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃഗുണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനികർക്ക് ഏറെ സഹായം ചെയ്‌ത പാർട്ടിയാണ് ബി.ജെ.പിയെന്നും ശരത്ചന്ദ് കൂട്ടിച്ചേർത്തു.