ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസും ആംആദ്‌മി പാർട്ടിയും ബി.ജെ.പിക്കെതിരെ സഖ്യമായി മത്സരിക്കാൻ സാദ്ധ്യത തെളിയുന്നു. സീറ്റ് വിഭജനത്തിൽ ധാരണയായിട്ടില്ല. ഡൽഹിക്കൊപ്പം ഹരിയാനയിലും ഇരു പാർട്ടികളും സഖ്യ സാദ്ധ്യത തേടുന്നതിനാൽ രണ്ടിടത്തും ഒരേ ഫോർമുലയിലാണ് സീറ്റ് വിഭജന ചർച്ച.
എ.ഐ.സി.സിയിൽ ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോയും ആംആദ്‌മി രാജ്യസഭാംഗം സഞ്ജയ് സിംഗും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളാണ് സഖ്യ സാദ്ധ്യത സജീവമാക്കിയത്. സഖ്യം വേണ്ടെന്ന ഡൽഹി പി.സി.സി അദ്ധ്യക്ഷ ഷീലാ ദീക്ഷിതിന്റെ നിലപാടിനെ രാഹുൽ ഗാന്ധി തള്ളിയതും നിർണായകമായി. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി എന്ന ആംആദ്‌മി പാർട്ടിയുടെ ആവശ്യം കോൺഗ്രസ് പ്രകടന പത്രികയിൽ ചേർക്കുമെന്നും സൂചനയുണ്ട്.
2014ൽ ഡൽഹിയിലെ ഏഴു സീറ്റും തൂത്തുവാരിയ ബി.ജെ.പിക്കെതിരെ സഖ്യമായി മത്സരിക്കാൻ ഇരു പാർട്ടിയും തയ്യാറാണെങ്കിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. ഹരിയാനയിൽ പത്തിൽ രണ്ടു സീറ്റു കൊടുക്കാൻ കോൺഗ്രസ് തയ്യാറാണ്. ഡൽഹിയിലും അത്രയും സീറ്റ് തരാമെന്ന് ആംആദ്‌മി പാർട്ടിയും പറയുന്നു. പക്ഷേ മൂന്നു സീറ്റുകളാണ് കോൺഗ്രസിന് വേണ്ടത്. സീറ്റുകളുടെ എണ്ണവും ഏതെക്കെയെന്നും അവസാന വട്ട ചർച്ചകളിൽ തീരുമാനിക്കുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. അതേസമയം അയൽ സംസ്ഥാനമായ പഞ്ചാബിൽ ഇരു കക്ഷികളും നേർക്കുനേർ പോരാടും. അവിടെ ബി.ജെ.പി ദുർബലമാണെന്ന വിലയിരുത്തലിലാണിത്. പഞ്ചാബിൽ ആംആദ്‌മി പാർട്ടിക്ക് നിലവിൽ നാല് ലോക്‌സഭാ സീറ്റുകളുണ്ട്.