ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് ഓരോ മണ്‌ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുമെന്ന് 21 പ്രതിപക്ഷപാർട്ടികൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പകുതി വിവിപാറ്റുകൾ എണ്ണുന്നത് ഫലപ്രഖ്യാപനം ആറുദിവസം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തള്ളിയ പ്രതിപക്ഷം, കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ 50 ശതമാനം വിവിപാറ്റുകൾ എണ്ണാൻ മൂന്നു ദിവസം മതിയെന്ന് ചൂണ്ടിക്കാട്ടി.
വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷമാണ് എല്ലാ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷീൻ ഉറപ്പാക്കാൻ കഴിഞ്ഞത്. ഇതിന്റെ ലക്ഷ്യം നേടണമെങ്കിൽ ഫലപ്രദമായി ഉപയോഗിക്കണം. രാജ്യം ഒറ്റ യൂണിറ്റായി കണ്ടല്ല, ഓരോ മണ്ഡലവും ഓരോ യൂണിറ്റായി കണക്കാക്കി വേണം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടത്. സത്യവാങ്മൂലത്തിൽ പറയുന്നു.
ചില നിയമസഭാ മണ്ഡലങ്ങളിൽ 400ലധികം പോളിംഗ് സ്റ്റേഷനുകളുണ്ടെന്നും ഇവിടങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളെണ്ണാൻ 8-9 ദിവസം വേണ്ടിവരുമെന്നും കമ്മിഷൻ നേരത്തേ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയായാണ് ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിൻറെ നേതൃത്വത്തിൽ പ്രതിപക്ഷം സത്യവാങ്മൂലം നൽകിയത്.
അൻപത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ടി.ഡി.പി, എൻ.സി.പി, സി.പി.എം, സി.പി.ഐ, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രം എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ഇത് ആകെ പോൾചെയ്യുന്ന വോട്ടിന്റെ 0.44 ശതമാനം മാത്രമാണെന്നും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ഇത് പോരെന്നുമാണ് പ്രതിപക്ഷം പറയുന്നത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും.