rahul

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കോൺഗ്രസും ബി.ജെ.പിയും പ്രചാരണ മുദ്രാവാക്യവും പാട്ടും പുറത്തിറക്കി. ഇനി നീതി പുലരും (അബ് ഹോഗാ ന്യായ്) എന്ന കോൺഗ്രസിന്റെ മുദ്രാവാക്യവും ഗാനവും എ.ഐ.സി.സി ആസ്ഥാനത്ത് പബ്ലിസിറ്റി വിഭാഗം ചെയർമാൻ ആനന്ദ് ശർമ്മയാണ് പുറത്തിറക്കിയത്. വർഷം 72,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം.

തൊട്ടു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണ് മുദ്രാവാക്യവും ഗാനവും പുറത്തിറക്കിയത്.

ഒരിക്കൽ കൂടി മോദിയെന്ന പ്രധാനമുദ്രാവാക്യത്തോടൊപ്പം പ്രവർത്തിക്കുന്ന സർക്കാർ, സത്യസന്ധതയുള്ള സർക്കാർ, വലിയ തീരുമാനങ്ങളെടുക്കുന്ന സർക്കാർ എന്നീ മൂന്ന് ഉപ പ്രമേയങ്ങളിലും ബി.ജെ.പി പ്രചാരണം നടത്തും.

കേന്ദ്രത്തിൽ മികച്ച ഭൂരിപക്ഷത്തോടെയുള്ള സർക്കാർ എന്നതും കാമ്പെയ്‌നിൽ ബി.ജെ.പി ഉന്നയിക്കും. 40 ക്യാപ്ടൻമാരുള്ള 11 അംഗ ടീമല്ല, ഒറ്റ ക്യാപ്ടനുള്ള സർക്കാരാണ് വേണ്ടതെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുൺ ജയ്റ്റ്ലി പറഞ്ഞു.

ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്.

വർഷം 72,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. ഇന്നലെ പുറത്തിറക്കിയ പോസ്റ്ററുകളിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാത്രമാണുള്ളത്. പാവങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ, കർഷകർ, സ്ത്രീകൾ, ദളിത്, ആദിവാസി വിഭാഗങ്ങൾ, ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കലിലൂടെ തകർന്ന ബിസിനസുകാർ തുടങ്ങിയവർക്ക് നീതി എന്നതാണ് കോൺഗ്രസ് ന്യായ് കാമ്പെയ്‌നിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് കോൺഗ്രസിന് വേണ്ടി വരികളെഴുതിയത്. നരേന്ദ്രമോദി സർക്കാരിനെ കടന്നാക്രമിക്കുന്നതും കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമടങ്ങിയ പാട്ടിലെ ചില വരികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. ആ വരികൾ ഒഴിവാക്കിയാണ് ഇന്നലെ ഗാനം പുറത്തിറക്കിയത്.