dhanush-

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ദീർഘദൂര പീരങ്കി ധനുഷ് ഇന്ന് സൈന്യത്തിന് സമർപ്പിക്കും. സാങ്കേതികമായി ഏറെ മികച്ച, സ്വദേശി ബോഫോഴ്സ് എന്നറിയപ്പെടുന്ന 155 എം.എം 45 കാലിബർ ധനുഷ് ഓർഡനൻസ് ഫാക്ടറി ബോർഡാണ് നിർമ്മിച്ചത്. മദ്ധ്യപ്രദേശിലെ ജബൽപുരിൽ നടക്കുന്ന ചടങ്ങിലാണ് സൈന്യത്തിന് കൈമാറുക.

ബോഫോഴ്സിനേക്കാളും, നവംബറിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ എം-777 അൾട്രാ ലൈറ്റ് പീരങ്കി തോക്കുകളേക്കാളും ശേഷിയിൽ മുന്നിലാണ് ധനുഷ്.

ലേയിലെ കടുത്ത ശൈത്യത്തിലും ഒഡിഷയിലെയും പൊഖ്റാനിലെയും കടുത്ത ചൂടിലും ഈർപ്പം നിറഞ്ഞ കാലാവസ്ഥയിലുമെല്ലാം പരീക്ഷിച്ചു വിജയിച്ചു. കാർഗിൽ യുദ്ധശേഷമാണ്സൈന്യത്തിന്റെ പീരങ്കി തോക്കുകൾ ആധുനികവത്കരിക്കാനുള്ള പദ്ധതി (എഫ്.എ.ആർ.പി)ഇന്ത്യ തുടങ്ങിയത്. 105 എം.എമ്മിന്റെ പഴയ പീരങ്കി തോക്കുകൾക്ക് പകരമായാണ് 155 എം.എം പീരങ്കിതോക്കുകൾ സൈന്യത്തിന്റെ ഭാഗമാക്കുന്നത്.

ആദ്യഘട്ടത്തിൽ 114 ധനുഷ് പീരങ്കികൾ സ്വന്തമാക്കാനാണ് സൈന്യത്തിൻറെ തീരുമാനം. തുടർന്ന് 414 എണ്ണം കൂടി ഭാഗമാക്കും. 4500 കോടിയിലധികം രൂപയുടേതാണ് പദ്ധതി.ബോഫോഴ്സ് മാതൃകയിലുള്ള ധനുഷിന്റെ 80 ശതമാനം ഭാഗങ്ങളും നിർമ്മിച്ചത് തദ്ദേശീയമായി..

# പ്രഹരശേഷി. 38 കി.മി പരിധി #ഭാരം 7000 കി.ഗ്രാം # 2018ൽ പരീക്ഷണം പൂർത്തിയാക്കി

# ഒരു ധനുഷിന്റെ ചെലവ് 14.50 കോടി # മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വഴി നിർമ്മാണത്തിന് അനുമതി

# കെ-9 വജ്ര, എം-777 അൾട്രാ ലൈറ്റ് പീരങ്കികൾക്കുശേഷം സൈന്യത്തിൻറെ ഭാഗമാകുന്ന പീരങ്കി

# ഏത് ഭൂപ്രദേശത്തും ഉപയോഗിക്കാം. മരുഭൂമി യുദ്ധമേഖലകളിൽ വിന്യസിക്കാൻ ഏറെ പ്രാപ്തം.