ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസും ആംആദ്മി പാർട്ടിയും ധാരണയായെന്ന് റിപ്പോർട്ട്. സഖ്യത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുമതി നൽകിയെന്നും എതിർപ്പറിയിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീലദീക്ഷിത് ഒടുവിൽ വഴങ്ങിയതായും സൂചനയുണ്ട്. സഖ്യം സംബന്ധിച്ച് ഇരു പാർട്ടികളും ഉടൻ പ്രഖ്യാപനം നടത്തിയേക്കും.
ഏഴ് ലോക്സഭാ സീറ്റിൽ ന്യൂഡൽഹി, ചാന്ദ്നിചൗക്ക്, വടക്ക് കിഴക്കൻ ഡൽഹി എന്നീ മൂന്ന് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നാണ് ധാരണ.
അതേസമയം ഡൽഹിയിൽ ആംആദ്മിയുമായി സഖ്യമുണ്ടാക്കുന്നതിൽ തീരുമാനമായില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും ആംആദ്മി പാർട്ടിയുമായി സഖ്യത്തിന് ശ്രമിക്കുന്നെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു.
ഹരിയാനയിൽ മൂന്ന‌് സീറ്റുകൾ തന്നാൽ ഛണ്ഡിഗഡിൽ കോൺഗ്രസിനെ പിന്തുണയ‌്ക്കാൻ തയ്യാറാണെന്ന് ആംആദ്മി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഹരിയാനയിൽ ഫരീദാബാദ‌്, ഗുഡ‌്ഗാവ‌്, കർണാൽ എന്നീ സീറ്റുകളാണ‌് ആപ്പ് ആവശ്യപ്പെടുന്നത‌്.