ന്യൂഡൽഹി:കർഷകരുടെ വരുമാനം ഇരട്ടിയാക്കും, രാമക്ഷേത്രം അയോദ്ധ്യയിൽ നിർമ്മിക്കും, ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും, ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, പൗരത്വ ഭേദഗതി ബിൽ പാസാക്കും, ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും ആചാരവും സമഗ്രമായി സുപ്രീംകോടതിയെ ധരിപ്പിക്കും. ബി.ജെ.പി ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രികയായ ' സങ്കൽപ് പത്ര'യിലെ വാഗ്ദാനങ്ങളാണിവ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 75 വാഗ്ദാനങ്ങളടങ്ങുന്ന പത്രിക പ്രകാശനം ചെയ്തത് .
75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2022ൽ നടപ്പാക്കാനുള്ള 75 പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയുടെ സവിശേഷത. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ വികസിത രാജ്യമാക്കിമാറ്റാനുള്ള പ്രവർത്തനങ്ങളാണിവയെന്നും പത്രികയുടെ പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കർഷകർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും അടിസ്ഥാന വികസന പ്രഖ്യാപനങ്ങളും മുന്നോട്ടുവയ്‌ക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും 2030ൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും ബി.ജെ.പിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. 2025ഒാടെ പുതിയ ഇന്ത്യ എന്ന ലക്ഷ്യം നേടുമ്പോൾ അഞ്ച് ലക്ഷം കോടി ഡോളറും 2032ൽ പത്തു ലക്ഷം കോടി ഡോളറും മൂല്യമുള്ള വിപണിയാക്കും. ദേശീയത ഉയർത്തിപ്പിടിച്ച് ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം തുടരുമെന്നും ബി.ജെ.പി വ്യക്തമാക്കുന്നു.
ശബരിമലയും അയോദ്ധ്യയും
ശബരിമലയിൽ വിശ്വാസം, പാരമ്പര്യം, ആചാരങ്ങൾ തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിക്കും. മതവിശ്വാസങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണവും ഉറപ്പാക്കും. രാമക്ഷേത്ര നിർമ്മാണം ത്വരിതഗതിയിലാക്കാൻ ഭരണഘടനയ്‌ക്കുള്ളിൽ നിന്നുകൊണ്ട് സാദ്ധ്യമായതെല്ലാം ചെയ്യും. ജമ്മുകാശ്‌മീരിന് പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പും അവിടത്തെ ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പും എടുത്തുകളയും.
പ്രധാന പ്രഖ്യാപനങ്ങൾ:-
കാർഷികം:
എല്ലാ കർഷകർക്കും 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
60 വയസു കഴിഞ്ഞ ചെറുകിട കർഷകർക്ക് പെൻഷൻ
കർഷകർക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ
2022 ഒാടെ കർഷക വരുമാനം ഇരട്ടിയാകും
അടിസ്ഥാന വികസന മേഖലാ വികസനം
60,000 കിലോമീറ്റർ ദേശീയപാത നിർമ്മിക്കും
2022ൽ:എല്ലാവർക്കും നല്ല വീടുകൾ
100 പുതിയ വിമാനത്താവളങ്ങൾ
50 നഗരങ്ങളിൽ കൂടി മെട്രോ സർവീസ്
വനിതാ ക്ഷേമം
പാർലമെന്റിലും നിയമസഭയിലും 33ശതമാനം വനിതാ സംവരണം
സൈനികരുടെ വിധവകൾക്ക് പ്രത്യേക തൊഴിൽ പരിശീലന പദ്ധതി
പിന്നാക്ക ക്ഷേമം
ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരുടെ ശതമാനം അഞ്ചു വർഷത്തിനുള്ളിൽ ഒറ്റസംഖ്യയിലേക്ക് കുറയ്ക്കും.
50ശതമാനത്തിൽ കൂടുതൽ പട്ടിക ജാതി വിഭാഗങ്ങളും 20,000ൽ കൂടുതൽ ആദിവാസികളും താമസിക്കുന്ന എല്ലാ ബ്ളോക്കുകളിലും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ
ആദിവാസികൾക്കായി വനോത്പന്നങ്ങളുടെ സംസ്‌കരണത്തിന് പദ്ധതി
ജനക്ഷേമം
നികുതി കുറയ്‌ക്കും, ജി.എസ്.ടി ലഘൂകരിക്കും
രാജ്യമെമ്പാടും ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്‌കിൻ
പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പും ഒറ്റ വോട്ടർ പട്ടികയും
2024ൽ എല്ലാ വീട്ടിലും ജൽ ജീവൻ മിഷൻ വഴി പൈപ്പ് വെള്ള കണക്‌ഷൻ
ബിസിനസ് തുടങ്ങാൻ ചട്ടങ്ങൾ ലഘൂകരിക്കും, കമ്പനീസ് നിയമം ഭേദഗതി ചെയ്യും.