election-2019

ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്ത് പ്രകടന പത്രിക പ്രകാശനം ചെയ്‌ത ശേഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നു പ്രതീക്ഷിച്ച മാദ്ധ്യമ പ്രവർത്തകരെ നിരാശരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും പത്രിക തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗും മാദ്ധ്യമ പ്രവർത്തകർക്ക് മുഖം നൽകിയില്ല.

രാവിലെ 11മണിക്ക് തീരുമാനിച്ചിരുന്ന പരിപാടി മുക്കാൽ മണിക്കൂർ വൈകിയാണ് തുടങ്ങിയത്. പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രിയും മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിംഗ്, അരുൺ ജയ്‌റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയവർ സംസാരിച്ച ശേഷം പ്രധാനമന്ത്രിയും പ്രകടന പത്രികയുടെ പ്രത്യേകതകൾ വിശദീകരിച്ചിരുന്നു. ചുരുക്കം ചില നേതാക്കളും പ്രവർത്തകരുമൊഴികെ ചടങ്ങു നടന്ന യോഗത്തിൽ മാദ്ധ്യമ പ്രവർത്തകരാണ് കൂടുതലും ഉണ്ടായിരുന്നത്. പത്രികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന മാദ്ധ്യമ പ്രവർത്തകരെ നിരാശരാക്കി മോദിയും മറ്റു നേതാക്കളും ധൃതിയിൽ മടങ്ങുകയായിരുന്നു. കോൺഗ്രസ് പ്രകടന പത്രിക പ്രകാശനം ചെയ്‌ത ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ച അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളെ ഭയപ്പെടുന്ന ആളാണെന്ന് വിമർശിച്ചിരുന്നു. നരേന്ദ്രമോദിക്ക് തന്റെ 'മൻകീ ബാത്ത്' പ്രകടിപ്പിക്കാനേ അറിയൂ എന്നും ചോദ്യങ്ങളെ ഭയപ്പെടുന്ന ആളാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.