vvpat
vvpat

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്.

ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് ആരംഭിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നതിനാൽ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന 21 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

വോട്ടിംഗ് യന്ത്രങ്ങൾ ക്രമരഹിതമായാണ് തിരഞ്ഞെടുക്കേണ്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള കമ്മിഷന്റെ പ്രവർത്തനങ്ങളിലോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയിലോ സംശയം ഉന്നയിക്കുന്നില്ല.

കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് കൃത്യത ഉറപ്പാക്കും. രാഷ്ട്രീയ പാർട്ടികളുടെ മാത്രമല്ല ജനങ്ങളുടെയും സംതൃപ്തി വർദ്ധിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഒരു നിയമസഭാമണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്.എന്നാൽ വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാൻ ഇത് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോൾ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാൽ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. ഫലം വൈകിയാലും പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഫലപ്രഖ്യാപനം ഒരു മണിക്കൂർ വൈകും

ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയാൽ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഒരു മണിക്കൂർ വൈകുമെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിൽ ഒരു ലോക്‌സഭ മണ്ഡലത്തിന് കീഴിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. സുപ്രീംകോടതി ഉത്തരവോടെ കേരളത്തിൽ ഒരു ലോക്‌സഭാ മണ്ഡലത്തിൽ എണ്ണേണ്ട വിവിപാറ്റുകളുടെ എണ്ണം ഏഴിൽ നിന്ന് 35 ആയി ഉയരും.സുപ്രീംകോടതി നിർദ്ദേശത്തോടെ രാജ്യത്താകെ 20625 വോട്ടിംഗ് മെഷീനുകൾ പരിശോധിക്കേണ്ടി വരും.

വിവിപാറ്റ്

ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് പരിശോധിച്ച് ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്).