bimal

ന്യൂഡൽഹി: വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കൻ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ കരംബീർ സിംഗിനെ നാവിക സേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ആൻഡമാൻ നിക്കോബാർ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ ബിമൽ വർമ സായുധ സേന ട്രൈബ്യൂണലിനെ സമീപിച്ചു. തന്റെ സീനിയോറിട്ടി മറികടന്നാണ് കരംബീർ സിംഗിനെ നിയമിക്കുന്നതെന്നാണ് വർമ്മയുടെ പരാതി.

മുൻ നാവികസേനാ മേധാവി അഡ്മിറൽ നിർമ്മൽ വർമ്മയുടെ സഹോദരൻ കൂടിയാണ് ബിമൽ വർമ്മ. 2016 ഡിസംബറിൽ കരസേന മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ എൻ.ഡി.എ സർക്കാർ നിയമിച്ചപ്പോഴും സീനിയോറിട്ടി വിവാദമുയർന്നിരുന്നു.

നിലവിലെ മേധാവി അഡ്മിറൽ സുനിൽ ലാംബ മേയ് 31ന് വിരമിക്കുന്ന ഒഴിവിൽ കരംബീർ സിംഗ് പുതിയ മേധാവിയാകുമെന്ന് കഴി‌ഞ്ഞ മാസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. നാവികസേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്ടർ പൈലറ്റെന്ന ഖ്യാതിയുള്ള കരംബീർ സിംഗിന് 2021 നവംബർ വരെ കാലാവധിയുണ്ട്.1980 ജൂലായിലാണ് കമ്മിഷൻഡ് ഓഫീസറായത്.