ന്യൂഡൽഹി: തൊഴിൽ മേഖലയെയും തൊഴിലവസരങ്ങളെയും കുറിച്ച് ഒരു പരാമർശവുമില്ലാത്ത ബി.ജെ.പി പ്രകടന പത്രിക നിറയെ കള്ളങ്ങളാണെന്ന് കോൺഗ്രസ് വിമർശിച്ചു. 2014-ൽ എല്ലാ പൗരന്മാർക്കും 15 ലക്ഷവും രണ്ടു കോടി തൊഴിലവസരവും കർഷകർക്ക് ഇരട്ടി വരുമാനവും വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയ ബി.ജെ.പിക്ക് അതൊന്നും നടപ്പാക്കാനായില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ സർക്കാർ പരിഷ്‌കാരങ്ങളെക്കുറിച്ചും, ഇല്ലാതാക്കുമെന്നു പറഞ്ഞ കള്ളപ്പണത്തെക്കുറിച്ചും പുതിയ പത്രികയിൽ സൂചനയില്ലെന്നും സുർജെവാല ആരോപിച്ചു.