ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരായ കോടതി ഉത്തരവിൽ തിരുത്തൽ വരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീംകോടതി മുൻ ജീവനക്കാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ,തപൻകുമാർ ചക്രബർത്തി എന്നിവരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കോടതിയലക്ഷ്യ കേസിൽ അനിൽ അംബാനി നേരിട്ട് ഹാജരാകണമെന്ന ജസ്റ്റിസ് രോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് നേരിട്ട് ഹാജരാകേണ്ടതില്ല എന്ന് തിരുത്തി ജനുവരി 10ന് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തിരിമറി വ്യക്തമായതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരമുപയോഗിച്ച് ഇരുവരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
550 കോടി രൂപ റിലയൻസ് കമ്മ്യൂണിക്കേഷൻ തിരികെ നൽകാത്തതിൽ അനിൽ അംബാനിക്കും റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേത്, റിലയൻസ് ഇൻഫ്രാടെൽ ലിമിറ്റഡ് ചെയർപേഴ്സൺ ഛായ വിരാനി എന്നിവർക്കും എതിരെ സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സൺ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് വിവാദ സംഭവമുണ്ടായത്.