pm-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'പി.എം നരേന്ദ്രമോദി' ക്കെതിരായ ഹർജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സിനിമയിൽ എന്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകാതെ ഉത്തരവിറക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ചിത്രമെന്നും തിരഞ്ഞെടുപ്പ് സമയത്ത് പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അമൻ പൻവാറാണ് ഹർജി നൽകിയത്.

ഞങ്ങൾ ചിത്രം കണ്ടിട്ടില്ല. എന്താണ് ഉള്ളടക്കമെന്നറിയില്ല. പിന്നെ എങ്ങനെയാണ് ഉത്തരവിറക്കാനാകുകയെന്നും കോടതി ചോദിച്ചു. ചിത്രത്തിന്റെ ട്രെയിലറും മറ്റു പ്രചാരണങ്ങളുമാണ് പ്രമേയത്തെക്കുറിച്ചുള്ള സൂചനയെന്ന് ഹർജിക്കാരനായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.


എന്നാൽ ചിത്രം കണ്ടശേഷം എതിർപ്പുള്ള ഭാഗങ്ങൾ വിശദീകരിച്ചു തിങ്കളാഴ്ച ഹർജി നൽകാൻ അമൻ പവാറിനോട് കോടതി നിർദ്ദേശിച്ചു. നേരത്തെ ചിത്രത്തിനെതിരായ ഹർജികൾ ബോംബെ, ഡൽഹി ഹൈക്കോടതികൾ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. വിവേക് ഒബ്‌റോയ് മോദിയുടെ വേഷത്തിലെത്തുന്ന ചിത്രം ഈ മാസം 12നാണ് റിലീസ് ചെയ്യുന്നത്.