ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'പി.എം നരേന്ദ്രമോദി" യുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അമൻ പൻവാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഇതുവരെ ചിത്രത്തിന് ലഭിച്ചിട്ടില്ല. രണ്ടു മിനുട്ട് ട്രെയിലർ കൊണ്ട് ചിത്രത്തിന്റെ സ്വാധീനം വിലയിരുത്താനാവില്ല. ചിത്രം ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് അനുകൂലമാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കേണ്ട വിഷയമാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. വിവേക് ഒബ്റോയി നായകനാകുന്ന ചിത്രം 12ന് തിയേറ്ററുകളിലെത്തും.