ayodhya

ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കരഹിത ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാനുള്ള കേന്ദ്ര നീക്കത്തെ എതിർത്ത് ബാബ്റി മസ്ജിദ് രാമജന്മഭൂമികേസിലെ പ്രധാനകക്ഷികളിലൊന്നായ നിർമോഹി അഖാഡ സുപ്രീംകോടതിയെ സമീപിച്ചു. ഭൂമി കൈമാറുന്നത് തങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്നും അയോദ്ധ്യ കേസിൽ സുപ്രീംകോടതി തീരുമാനം വരട്ടെയെന്നുമാണ് നിർമോഹി അഖാഡയുടെ വാദം. ഈ ഘട്ടത്തിൽ ഭൂമിയുടെ അവകാശം കേന്ദ്രസർക്കാരിൽ തന്നെ തുടരണം.


ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്കസ്ഥലത്തേക്ക് ആവശ്യത്തിന് പ്രവേശനമൊരുക്കി,​ ബാക്കി വന്ന ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിൽ കക്ഷിചേരാൻ നൽകിയ ഹർജിയിലാണ് നിർമോഹി അഖാഡ നിലപാട് വ്യക്തമാക്കിയത്.

1993-ൽ അയോദ്ധ്യയിലെ പ്രത്യേക പ്രദേശം ഏറ്റെടുക്കൽ നിയമത്തിലൂടെ കേന്ദ്ര സർക്കാർ 67.70 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്.


തർക്കഭൂമി സുന്നി വഖഫ് ബോർഡിനും രാംലല്ലയ്ക്കും നിർമോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ചു നൽകിയ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രശ്നം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ സിറ്റിംഗ് തുടരുകയാണ്.