ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി ബന്ധമുള്ളവരുടെ വസതിയിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കേന്ദ്ര റവന്യൂ സെക്രട്ടറി എ.ബി. പാണ്ഡെയ്‌ക്കും സെന്റർ ബോർഡ ഒഫ് ഡയറക്‌ട് ടാക്സ് അദ്ധ്യക്ഷൻ പി.സി. മോഡിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. റെയ്ഡ് നടത്തിയത് ചട്ടങ്ങൾ പ്രകാരമായിരുന്നോ എന്ന് വിശദമാക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനെതിരെ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന കോൺഗ്രസിന്റെ പരാതിയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലും ഡൽഹിയിലും നടന്ന റെയ്ഡുകളിൽ കണക്കിൽപ്പെടാത്ത 281 കോടി രൂപ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ തുഗ്ളക്ക് ലെയ്‌നിലെ ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ നിന്ന് പ്രമുഖ പാർട്ടിയുടെ ഡൽഹിയിലെ ഒാഫീസിലേക്ക് 20 കോടി രൂപ കൊണ്ടുവന്നു എന്ന വിവരവും പുറത്തു വന്നിരുന്നു.