rafale

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിന്റെ ഭാഗമായുള്ള ഒാഫ്‌സെറ്റ് കരാർ വ്യവസ്ഥകളിൽ ദസാൾട്ട് ഏവിയേഷൻ, എം.ബി.ഡി.എ എന്നീ ഫ്രഞ്ച് കമ്പനികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മന്ത്രിതല പ്രതിരോധ സമിതി(സി.സി.എസ്) വഴിവിട്ട് ഇളവുകൾ അനുവദിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. അനിൽ അംബാനിയുടെ റിലയൻസിനെ ഒാഫ്‌സെറ്റ് കരാർ പങ്കാളിയാക്കാൻ പ്രധാനമന്ത്രിയുടെ ഒാഫീസ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം നിലനിൽക്കെയാണിത്.

ഏഴു വർഷത്തെ ഒാഫ്‌സെറ്റ് കരാർ കാലയളവിൽ മേക്ക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരം അവസാനത്തെ രണ്ടുവർഷം മാത്രം ഒാഫ്‌സെറ്റ് വ്യവസ്ഥകൾ നടപ്പാക്കുന്ന തരത്തിലാണ് ഇളവ് അനുവദിച്ചത്. പ്രതിരോധ അക്വിസിഷൻ കൗൺസിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ഇളവുകൾ അനുവദിക്കുന്നതിൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും ഒരു ഇംഗ്ളീഷ് ദിനപത്രം റിപ്പോർട്ടു ചെയ്‌തു. 2016 സെപ്‌തംബറിൽ റഫാൽ കരാർ ഒപ്പിടുന്നതിന് ഒരു മാസം മുമ്പാണ് സി.സി.എസ് ചേർന്ന് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. എന്നാൽ ഒാഫ്സെറ്റ് കരാർ വഴി രാജ്യത്തിന് നേട്ടമുണ്ടാകുന്ന തരത്തിലാണ് ഇളവുകൾ അനുവദിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.