ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന് ആരംഭിക്കുമ്പോൾ, മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി റാഫേൽ കേസിലെ പുനഃപരിശോധനാ ഹർജികൾ അവയോടൊപ്പം പരാതിക്കാർ സമർപ്പിച്ച 'മോഷണ' രേഖകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാൻ സുപ്രീംകോടതി
തീരുമാനിച്ചു. വാദം കേൾക്കാനുള്ള തീയതി പിന്നീട് നിശ്ചയിക്കും.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എസ്.കെ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധിയിലാണ് ഈ രേഖകൾ പരിഗണിക്കരുതെന്ന ഗവൺമെന്റിന്റെ വാദങ്ങൾ തള്ളിയത്. റാഫേൽ രേഖകൾ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ചീഫ്ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിച്ച് ജസ്റ്റിസ് കെ.എം. ജോസഫ് പ്രത്യേക വിധിന്യായവുമെഴുതി.
റാഫേൽ യുദ്ധവിമാനങ്ങളുടെ വില നിർണയത്തിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചിപ്പിക്കുന്ന രേഖകൾ 'ദ ഹിന്ദു' ദിനപത്രം ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. റിവ്യൂ ഹർജിക്കൊപ്പം സമർപ്പിച്ച ഈ രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂഹർജികളുടെ മെരിറ്റ് തീരുമാനിച്ച് വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
റാഫേൽ ഇടപാടിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം തള്ളിയ ഡിസംബർ 14ലെ വിധിക്കെതിരെയാണ് ഹർജിക്കാർ റിവ്യൂ പെറ്റിഷൻ
സമർപ്പിച്ചത്. അതിനൊപ്പം സമർപ്പിച്ച മൂന്ന് സുപ്രധാന രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നായിരുന്നു സർക്കാരിന്റെ
ആദ്യ നിലപാട്. രേഖകൾ മോഷ്‌ടിച്ചതല്ലെന്നും അനധികൃതമായി എടുത്ത ഫോട്ടോ കോപ്പികളാണെന്നും പിന്നീട് തിരുത്തിപ്പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന ക്ലാസിഫൈഡ് പട്ടികയിലുള്ള രേഖകൾ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ വിവരാവകാശ നിയമത്തിന്റെയും ജുഡിഷ്യൽ പരിശോധനയുടെയും പരിധിയിൽ വരില്ലെന്ന സർക്കാരിന്റെ വാദങ്ങളും കോടതി തള്ളി. ശരിയായ രീതിയിലൂടെയല്ലാതെ നേടിയ രേഖകളാണെങ്കിൽ പോലും പ്രസക്തമാണെങ്കിൽ സ്വീകരിക്കാമെന്ന നിലപാടാണ് കോടതിയെടുത്തത്.
ഫ്രാൻസിലെ ദസോ കമ്പനിയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.ആ വിധിയിൽ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചെന്നതടക്കം നിരവധി തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിൻഹ, അരുൺഷൂരി എന്നിവരും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
പൊതുതാത്പര്യം പ്രധാനം
പുറത്തുവന്ന രേഖകളിലെ ഉള്ളടക്കത്തെ കേന്ദ്രസർക്കാർ ചോദ്യം ചെയ്തിട്ടില്ല. പ്രസിദ്ധീകരിക്കാത്ത രേഖകൾക്ക് മാത്രമേ പരിരക്ഷ അവകാശപ്പെടാനാവൂ. ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച രേഖകൾ പൊതുസമൂഹത്തിലുണ്ട്. ഇത്തരം രേഖകൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ നിയമം ഇല്ല. രേഖകൾ പ്രസക്തമാണോയെന്നതാണ് പ്രധാനം. പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകൾക്ക് പരിരക്ഷ ആവശ്യപ്പെടുന്നത് പൊതുതാത്പര്യം നിറവേറ്റില്ല. അതിനാൽ രേഖകൾ പരിശോധിക്കാതിരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.