pm-modi-
PM MODI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന പി.എം. മോദി സിനിമയുടെ റിലീസും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ പ്രവർത്തനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ (മേയ് 19)​ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രം സെൻസർ ബോർഡ് അനുമതിയോടെ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്. റിലീസ് തടയാനുള്ള ഹർജിയിൽ ഇടപെടാതിരുന്ന സുപ്രീംകോടതി തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന് വിട്ടിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രീതിയിൽ രാഷ്‌ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും മേൽക്കൈ ലഭിക്കുന്ന ആത്മകഥാംശപരമായ സിനിമകൾ ഒരു മാദ്ധ്യമങ്ങൾ വഴിയും പ്രദർശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. എൻ.ടി.ആർ ലക്ഷ്‌മി, ഉദയമ്മ സിംഹം എന്നീ സിനിമകൾക്കും വിലക്കുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട പോസ്‌റ്റർ അടക്കമുള്ള പ്രചാരണ സാമഗ്രികൾ വിവിധ അച്ചടി, ഇന്റർനെറ്റ്, സമൂഹമാദ്ധ്യമങ്ങൾ, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ തുടങ്ങിയവയിലൂടെ പ്രദർശിപ്പിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. പി.എം.മോദി സിനിമയ്‌ക്കെതിരെയുള്ള പരാതി റിട്ട. സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതി പിന്നീട് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവിൽ പറയുന്ന കാര്യങ്ങൾ നമോ ടിവിക്കും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.