rahul-gandhi

ന്യൂഡൽഹി: രാഹുൽഗാന്ധിയെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചതിന്റെ ചൂടാറും മുമ്പ് സത്യാവസ്ഥ

പുറത്തുവന്നതിനാൽ ആരോപണം പിൻവലിച്ച് കോൺഗ്രസ് തടിതപ്പി. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം അമേതിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നെറ്റിക്കു താഴെ ലേസർ രശ്‌മി പതിച്ചത് സ്‌നിപ്പർ തോക്കിന്റേതാണെന്ന് സംശയമുണ്ടെന്നും വൻ സുരക്ഷാവീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് നേതാക്കളായ അഹമ്മദ് പട്ടേൽ, ജയ്‌റാം രമേശ്, സുർജെവാല എന്നിവർ ഒപ്പിട്ടു നൽകിയ കത്താണ് പുറത്തു വന്നത്. വാർത്ത ദൃശ്യമാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകാനും തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളെടുത്ത എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ കാമറയിൽ നിന്നുള്ള രശ്‌മികളാണ് പതിച്ചതെന്നും സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്.പി.ജി ഡയറക്‌ടർ നൽകിയ റിപ്പോർട്ടിനെ ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചതോടെ അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പിന്നാലെ കത്ത് കിട്ടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയതോടെ വാർത്തയുടെ പുകമറ നീങ്ങി പ്രശ്നം കെട്ടടങ്ങി.

എന്താണ് ശരിക്കും സംഭവിച്ചത്?

അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നെറ്റിക്കു താഴെ ലേസർ രശ്‌മി പതിച്ചു എന്നത് സത്യമാണ്. ഇടതു നെറ്റിയുടെ താഴെയും മുഖത്തുമായി ഇടവിട്ട് ഏഴു തവണ പച്ച നിറത്തിൽ ലേസർ രശ്‌മി പതിച്ചു. ഇൗ ദൃശ്യം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇത് ദൂരെ നിന്ന് ഉന്നം പിടിച്ച് വെടിയുതിർക്കാൻ ശേഷിയുള്ള സ്‌നിപ്പർ റൈഫിളിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്ന സംശയമാണ് വിനയായത്. എസ്.പി.ജി സംരക്ഷണയുള്ള രാഹുലിന് രണ്ടാം നിര സുരക്ഷ ഒരുക്കിയ ഉത്തർപ്രദേശ് സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തിയത്. രാഹുൽ ഗാന്ധിക്ക് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും കൊല്ലപ്പെടാൻ ഇടയാക്കിയ സാഹചര്യത്തിന്റെ സൂചനകളുമുണ്ടായിരുന്നു.

എസ്.പി.ജി ഡയറക്‌ടറുടെ റിപ്പോർട്ട്

വാർത്ത പുറത്തുവന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എസ്.പി.ജി ഡയറക്‌ടറുടെ റിപ്പോർട്ട് തേടി. രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളെടുത്ത എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ കാമറയിൽ നിന്നുള്ള രശ്‌മികളാണ് പതിച്ചതെന്നും സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും ഡയറക്‌ടർ റിപ്പോർട്ട് നൽകി. സുരക്ഷാവീഴ്‌ച തള്ളിയ കേന്ദ്രസർക്കാർ കാമറയിൽ നിന്നുള്ള ലേസർ രശ്‌മികളാണ് രാഹുലിനു മേൽ പതിച്ചതെന്ന് തുടർന്ന് വിശദീകരിച്ചു. വീഡിയോ ദൃശ്യങ്ങൾ സൂഷ്മമായി പരിശോധിച്ച ശേഷമാണ് ഡയറക്‌ടർ റിപ്പോർട്ട് നൽകിയത്.

കത്ത് എവിടെ?

ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ തയ്യാറാക്കിയ കത്ത് ആദ്യം പുറത്തവിട്ടെങ്കിലും എസ്.പി.ജിയുടെ വിശദീകരണത്തെ തുടർന്ന് ഉപേക്ഷിച്ചെന്നാണ് സൂചന. കോൺഗ്രസ് ഇന്നലെ നടത്തിയ പത്രസമ്മേളനങ്ങളിലും സുരക്ഷാ വീഴ്‌ച സംബന്ധിച്ച വിഷയങ്ങളൊന്നും ഉന്നയിച്ചില്ല.

സ്‌നിപ്പർ തോക്കുകൾ:

ഒരു കിലോമീറ്റർ അകലെ നിന്നുപോലും ലേസർ നിയന്ത്രിത ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യമായി ലക്ഷ്യത്തിലേക്ക് വെടിയുതിർക്കാൻ കഴിയുന്നതാണ് ആധുനിക സ്‌നിപ്പർ തോക്കുകൾ. യുദ്ധവിമാനങ്ങളും മറ്റും ചെയ്യുന്ന പോലെ ദൂരെ നിന്ന് ലേസർ നിയന്ത്രിത ടെലിസ്‌കോപ്പിക് യന്ത്രത്തിലൂടെ ലക്ഷ്യത്തെ ലോക്കു ചെയ്‌ത ശേഷം ഉന്നം തെറ്റാതെ വെടിയുതിർക്കാൻ ഇവയ്‌ക്കു കഴിയും.