army

വിവാദമായതോടെ നിഷേധം

കത്ത് കിട്ടിയില്ലെന്ന് രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന്റെ പേരിൽ വോട്ട് തേടി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി ശക്തമായിരിക്കെ,സൈന്യത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് 156 മുൻ സൈനിക ഓഫീസർമാർ സർവസൈന്യാധിപനായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചെന്ന റിപ്പോർട്ട് വിവാദമായി. തങ്ങൾ കത്തിൽ ഒപ്പിട്ടില്ലെന്ന് ഇവരിൽ ചിലർ പിന്നീട് പ്രതികരിച്ചു. എട്ട് മുൻ സേനാ മേധാവികളും കത്തിൽ ഒപ്പിട്ടെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതിഭവൻ വൃത്തങ്ങളും അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഭടന്മാർക്കും

ബാലാക്കോട്ട് വ്യോമാക്രമണം നയിച്ച ഭടന്മാർക്കും കന്നിവോട്ടർമാരായ യുവാക്കൾ തങ്ങളുടെ വോട്ട് സമർപ്പിക്കണമെന്ന മോദിയുടെ

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ സൈനികരുടെ കത്ത് പുറത്തായത്. സൈന്യത്തെയും സൈനിക യൂണിഫോം, ചിഹ്നങ്ങൾ, സൈനിക നടപടികൾ തുടങ്ങിയവയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മൂന്ന് മുൻ കരസേന മേധാവികൾ, നാലു മുൻ നാവിക സേനാ മേധാവികൾ, ഒരു മുൻ വ്യോമസേന മേധാവി എന്നിവരാണ് ഏപ്രിൽ 11ന് അയച്ച കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

സൈന്യത്തെ മോദിയുടെ സേനയെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസംഗവും കത്തിൽ പരാമർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വേദികളിൽ രാഷ്ട്രീയ പ്രവർത്തകർ സൈനിക വേഷത്തിൽ എത്തുന്നതും പോസ്റ്ററുകളിൽ പാക് പിടിയിൽ നിന്ന് മോചിതനായ കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഉൾപ്പെടെയുള്ള സൈനികരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈനിക ഓപ്പറേഷനുകളുടെ നേട്ടം രാഷ്ട്രീയ നേതാക്കൾ ഏറ്റെടുക്കരുത്. സേനയുടെ മതേതര, രാഷ്ട്രീയ നിഷ്‌പക്ഷ സ്വഭാവം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഒപ്പിട്ടില്ലെന്ന് മുൻമേധാവികൾ

റിട്ട.ജനറൽമാരായ എസ്.എഫ് റോഡ്രിഗസ്, ദീപക് കപൂർ, ശങ്കർറോയ് ചൗധരി, റിട്ട.അഡ്മിറൽമാരായ വിഷ്ണു ഭാഗവത്, ലക്ഷ്‌മി നാരായൺ രാംദാസ്, അരുൺ പ്രകാശ്, സുരേഷ് മേത്ത, മുൻ വ്യോമസേന മേധാവി എൻ.സി സൂരി തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടത്. വിവാദമായതോടെ എസ്.എഫ് റൊഡിഗ്രസ്, എൻ.സി സൂരി ,എം.എൽ നായിഡു എന്നിവർ കത്ത് വ്യാജമാണെന്നും തങ്ങൾ ഒപ്പിട്ടില്ലെന്നും പ്രതികരിച്ചു.

അതേസമയം, കത്ത് ഇ -മെയിലിലാണ് അയച്ചതെന്നും കത്തിനെക്കുറിച്ച് രാഷ്ട്രപതിഭവന് അറിവില്ലെന്നതിൽ ആശ്ചര്യം തോന്നുന്നെന്നും കത്തിൽ ഒപ്പിട്ട റിട്ട.എയർവൈസ് മാർഷൽ കപിൽ കാക്കും കത്ത് തന്റെ അറിവോടെയാണെന്ന് റിട്ട.മേജർ ജനറൽ ഹർഷ കക്കറും അറിയിച്ചു.

കോൺഗ്രസ് പിന്തുണ

മുൻ സൈനിക ഉദ്യോഗസ്ഥർക്ക് പിന്തുണയറിയിച്ച കോൺഗ്രസ്, പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.