cash

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച പണത്തിന്റെ കണക്കുകൾ രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണമെന്ന് സുപ്രീംകോടതി. ബോണ്ട് വഴി മേയ് 15 വരെ ലഭിച്ച സംഭാവനകളുടെ കണക്ക് മേയ് 30നകം മുദ്രവച്ച കവറിലാണ് കമ്മിഷന് കൈമാറേണ്ടത്. സംഭാവന നൽകിയാളുടെ പേര്, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയും നൽകണം. മുദ്രവച്ച കവറിലെ വിവരങ്ങൾ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ കമ്മിഷൻ സൂക്ഷിക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏപ്രിൽ,​ മേയ് മാസങ്ങളിൽ ബോണ്ടുവാങ്ങുന്നതിനുള്ള സമയപരിധി 10 ദിവസത്തിൽ നിന്ന് അഞ്ചുദിവസമായി കുറയ്ക്കാനും കോടതി ധനമന്ത്രാലയത്തോട് നിർദ്ദേശിച്ചു.

അതേസമയം സംഭാവന നൽകുന്നയാളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന ഇലക്ട്രറൽ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിനായി 2018ലാണ് എൻ.ഡി.എ സർക്കാർ ഇലക്ട്രൽ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. ബോണ്ട് വഴി സംഭാവന നൽകുന്നയാളുടെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ സുതാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മും സന്നദ്ധസംഘടനയായ അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസും നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.


കള്ളപ്പണം തടയുകയും രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നയാളുടെ വിവരം പരസ്യപ്പെടുത്തേണ്ടതില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ സംഭാവന നൽകുന്നവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ സുതാര്യതയെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുക്കുകയായിരുന്നു.