ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ നിയമിക്കുന്നതിന് ഒൻപത് പ്രൊഫഷണലുകളെ യു.പി.എസ്.സി ശുപാർശ ചെയ്തു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സ‌ർവീസിന് (ഐ.എ.എസ്) പുറത്ത് നിന്നുള്ളവരെ ആദ്യമായാണ് സർക്കാരിലെ സീനിയർ മാനേജ്മെന്റ് തസ്തികയിലെ നിയമനത്തിന് തിരഞ്ഞെടുക്കുന്നത്.

സ്വകാര്യ കമ്പനിയായ കെ.പി.എം.ജിയിലെ എയറോസ്പേസ് തലവനായിരുന്ന ആംബർ ദുബെയെ വ്യോമയാന മന്ത്രാലയത്തിലേക്കും പനാമ റിന്യൂവബിൾ എനർജി ഗ്രൂപ്പ് സി.ഇ.ഒ ദിനേഷ് ദയാനന്ദ് ജഗ്ദേലിനെ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിലേക്കും ശുപാർശ ചെയ്തു. സുജിത്കുമാർ ബാജ്പേയി (പരിസ്ഥിതി മന്ത്രാലയം) കക്കോലി ഘോഷ്( കൃഷി),സൗരഭ് മിശ്ര( ധനകാര്യം),രാജിവ് സക്സേന( സാമ്പത്തികകാര്യം), അരുൺ ഗോയൽ (വാണിജ്യം), സുമൻ പ്രസാദ് സിംഗ് (റോഡ് ഗതാഗതം) ഭൂഷൺ കുമാർ (ഷിപ്പിംഗ്) എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. മൂന്ന്​ വർഷമാണ്​ ഇവരുടെ കാലാവധി. പ്രവർത്തന മികവിന്റെ അടിസ്​ഥാനത്തിൽ അഞ്ചുവർഷം വരെ നീട്ടും.


ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും മികച്ച ഭരണത്തിന് പുതിയ ആശങ്ങളും സമീപനങ്ങളുമുള്ള വിദഗ്ദ്ധരെ കണ്ടെത്താനുമാണ് പ്രൊഫഷണലുകളെ നേരിട്ട് നിയമിക്കുന്നതെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. നയരൂപീകരണം, വിവിധ പദ്ധതികൾ നടപ്പാക്കൽ എന്നീ ചുമതലകൾ ഇവർക്ക് നൽകും.