ന്യൂഡൽഹി: തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില നേതാക്കൾ സഹകരിക്കുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിരീക്ഷകനായി കർഷക കോൺഗ്രസ് നേതാവ് നാനാ പട്ടോളെയെ എ.ഐ.സി.സി നിയമിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന നാഗ്പൂരിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ നേരിട്ട കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ നാനാ പട്ടോളെ ഉടൻ തിരുവനന്തപുരത്തെത്തും.

ഗഡ്കരിക്കെതിരെ കടുത്ത വെല്ലുവിളിയുയർത്തിയ പട്ടോളെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മികവ് തിരുവനന്തപുരത്ത് നേട്ടമാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് നിയമനം. പ്രചാരണം ഏകോപിപ്പിക്കുന്നതിലുൾപ്പെടെ പട്ടോളെ നേതൃത്വം നൽകും.

അതേസമയം, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന നേതാക്കൾക്ക് പുറമേ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും പങ്കെടുക്കും. തരൂരിന്റെ പരാതി പ്രത്യേകം ചർച്ച ചെയ്യും.

പട്ടോളെ മുൻ ബി.ജെ.പി എം.പി

ഒ.ബി.സി കർഷക നേതാവായ നാന പട്ടോളെ കോൺഗ്രസിൽ തുടങ്ങി ബി.ജെ.പിയിലേക്ക് ചാടി വീണ്ടും കോൺഗ്രസിലെത്തിയ നേതാവാണ്. മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ഡിയിൽ നിന്ന് 2014ൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് എം.പിയായി. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിനെ 1.49 ലക്ഷം വോട്ടിനാണ് പരാജയപ്പെടുത്തിയത്. പാർട്ടിയിൽ നിന്ന് കാര്യമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് 2017ൽ എം.പി സ്ഥാനം രാജിവയ്ക്കുകയും ബി.ജെ.പി വിടുകയും ചെയ്തു. കഴിഞ്ഞ കൊല്ലം പഴയ തട്ടകത്തിലേക്ക് വീണ്ടും ചേക്കേറി. 1999ലും 2004ലും കോൺഗ്രസിന്റെ എം.എൽ.എയായിരുന്നു. കോൺഗ്രസ് കർഷകരെ അവഗണിക്കുന്നെന്ന് പറഞ്ഞായിരുന്നു പാർട്ടി വിട്ടത്.