ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ പ്രിയങ്കാഗാന്ധി മത്സരിക്കാൻ സാദ്ധ്യത. മോദിയെ നേരിടാനുള്ള സന്നദ്ധത പ്രിയങ്ക കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന.
കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക മൂന്നുദിവസം നീണ്ടുനിന്ന ഗംഗായാത്രയോടെ പ്രചാരണം തുടങ്ങിയതു തന്നെ വാരണാസി ലക്ഷ്യമിട്ടായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റായ്‌ബറേലിയിൽ സോണിയാഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന പ്രിയങ്കയോട് യു.പിയിൽ മത്സരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ 'വാരണാസിയിൽ ആയാലെന്താ' എന്ന മറുപടി പ്രിയങ്ക നൽകിയതും പ്രസക്തമാണ്.
വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക തീരുമാനിച്ചാൽ രാജ്യത്തെ ഏറ്റവും ശ്രദ്ധ നേടുന്ന പോരാട്ടം അതാവും. നെഹ്‌റു കുടുംബാംഗം മോദിയെ നേരിട്ട് എതിർക്കുന്ന കാഴ്ച ഇന്ത്യയൊട്ടാകെ രാഷ്ട്രീയ പ്രാധാന്യം നേടും. കോൺഗ്രസും അതാണ് ആഗ്രഹിക്കുന്നത്. പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും എൻ.സി.പി നേതാവ് ശരദ് പവാറും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട് രാഹുൽ ഗാന്ധിയും യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയും അന്തിമ തീരുമാനമെടുക്കും.
ഏഴാംഘട്ടത്തിൽ മേയ് 19നാണ് വാരണാസിയിലെ വോട്ടെടുപ്പ്.
യു.പിയിലെ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി പ്രതിപക്ഷ മഹാസഖ്യത്തിൽ എസ്.പിക്കാണ് വാരണാസി സീറ്റ് നൽകിയത്. എസ്.പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ മഹാസഖ്യം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഉത്തർപ്രദേശിൽ ബി.ജെ.പി വിരുദ്ധ കാറ്റ് ശക്തമാകുന്നുവെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
2014ൽ മോദിയുടെ ഭൂരിപക്ഷം 3.71 ലക്ഷം
2014ൽ 3,71,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നരേന്ദ്രമോദി വാരണാസിയിൽ ജയിച്ചത്. മുഖ്യ എതിരാളിയായിരുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് 2,09,238 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് 75,000 വോട്ടാണ് കിട്ടിയത്.
1991 മുതൽ ബി.ജെ.പി സ്ഥിരമായി ജയിക്കുന്ന വാരണാസിയിൽ പാർട്ടി 2004ൽ മാത്രമാണ് അടിപതറിയത്.അന്ന് കോൺഗ്രസ് നേതാവ് രാജേഷ് കുമാർ മിശ്രയാണ് അട്ടിമറി വിജയം നേടിയത്.