naidu

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. ആദ്യഘട്ട പോളിംഗ് നടന്ന ആന്ധ്രയിൽ 150 ഓളം പോളിംഗ്സ്റ്റേഷനുകളിൽ റീ പോളിംഗ് വേണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയെ കണ്ട് പരാതി നൽകിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടു. വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങിപ്പോകണം. ഇ.വി.എമ്മുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. മുതിർന്ന ടി.ഡി.പി നേതാക്കളും ജനപ്രതിനിധികളും റാവുവിനൊപ്പമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ 11ന് ആന്ധ്രയിൽ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ 66ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.